പത്തനംതിട്ട:16 കാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ലോഡ്‌ജില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍. ചിറ്റാർ സീതത്തോട് മുണ്ടൻപാറ ഗുരുനാഥൻമണ്ണിൽ താമസിക്കുന്ന സനിൽ സുരേഷ് (22) ആണ് അറസ്റ്റിലായത്.
സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ശേഷം രണ്ടുവർഷമായി വാടസ്‌ആപ്പ് വഴിയും മറ്റും ബന്ധം തുടര്‍ന്നു. പ്രതിയുടെ നിര്‍ദേശ പ്രകാരം വ്യാഴാഴ്‌ച (04.08.2022) രാവിലെ 10.30 ന് വീട്ടിൽ നിന്നും സുഹൃത്തിനെ കാണാനാണെന്ന് പറഞ്ഞ് പെൺകുട്ടി പുറത്തിറങ്ങിയിരുന്നു. പുറത്ത് എത്തിയ കുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോയി ലോഡ്‌ജില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ പരാതിയില്‍ വ്യാഴാഴ്‌ച വൈകിട്ടോടെ കോയിപ്രം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. എന്നാല്‍ വെള്ളിയാഴ്‌ച(05.08.2022) പെൺകുട്ടി വീട്ടില്‍ തിരിച്ചെത്തി. ഇതോടെ വനിത പൊലീസ് വീട്ടിലെത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി ശിശു സൗഹൃദ കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്‌തു. ഇതില്‍ നിന്നാണ് പ്രതി തിരുവല്ല എസ് സി സ്‌കൂളിന് സമീപമുള്ള ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയത്.