പത്തനംതിട്ട:വായു കുത്തിവച്ച് കാമുകന്‍റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്‌തു. ആലപ്പുഴ കാർത്തികപ്പള്ളി കണ്ടല്ലൂർ വെട്ടത്തേരിൽ കിഴക്കേതിൽ അനുഷയെയാണ് (30) പുളിക്കീഴ് പൊലീസ് റിമാൻഡ് ചെയ്‌തത്. പുല്ലൂക്കുളങ്ങര സ്വദേശി അരുണുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നു യുവതി.
അരുൺ ഇപ്പോൾ തന്നിൽ നിന്നും അകൽച്ച കാട്ടുന്നുവെന്ന് മനസിലാക്കിയതിനെ തുടർന്ന് ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ കയറി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്‌റ്റാണ് അനുഷ. പ്രസവശേഷം ആശുപത്രിമുറിയിൽ വിശ്രമിക്കുകയായിരുന്നു അരുണിന്‍റെ ഭാര്യ സ്നേഹ. ഇവരെ ഇൻജെക്ഷൻ എടുക്കാനെന്ന വ്യാജേന നഴ്‌സിന്‍റെ ഓവർക്കോട്ട് ധരിച്ചെത്തിയ യുവതി വായുനിറച്ച സിറിഞ്ച് കൊണ്ട് മൂന്ന് തവണ കുത്താന്‍ ശ്രമിക്കുകയായിരുന്നു.
ബലം പ്രയോഗിച്ച് കുത്തിവയ്‌ക്കാന്‍ ശ്രമം: ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. സംശയം തോന്നിയ സ്നേഹയും ഒപ്പമുണ്ടായിരുന്ന മാതാവും ഒച്ചവച്ചതിനെത്തുടർന്ന് ആശുപത്രി ജീവനക്കാരെത്തി. തുടര്‍ന്ന് അനുഷയെ തടഞ്ഞുവയ്‌ക്കുകയും ശേഷം പുളിക്കീഴ് പൊലീസിൽ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്‌റ്റഡിയിലെടുക്കുകയും സുരക്ഷ മുൻനിർത്തി സ്നേഹയെ ലേബർ റൂമിലേക്ക് മാറ്റുകയും ചെയ്‌തു.
പ്രസവത്തിനായി ഒരാഴ്‌ച മുമ്പാണ് സ്നേഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഡിസ്‌ചാർജ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, നിറവ്യത്യാസം ഉള്ളതിനാൽ കുഞ്ഞിനെ ഡിസ്‌ചാർജ് ചെയ്‌തില്ല. നഴ്‌സിന്‍റെ ഓവർകോട്ട് ധരിച്ച് യുവതി മുറിയിലെത്തി കുത്തിവയ്പ്പിന് നിർബന്ധിക്കുകയായിരുന്നു. ഡിസ്‌ചാർജ് ആയി, ഇനിയെന്തിന് കുത്തിവയ്‌പ്പെന്ന് സംശയമുന്നയിച്ചപ്പോൾ ഒന്നുകൂടി ഉണ്ടെന്ന് പറഞ്ഞ് കൈ ബലമായി പിടിച്ച് മരുന്നില്ലാത്ത സിറിഞ്ച് കുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് സ്നേഹ മൊഴിനൽകി. എസ്‌ഐ ഷിജു പി സാം ആണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.