പത്തനംതിട്ട: മലയോര പ്രദേശങ്ങളിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു. കൊവിഡ് പ്രതിസന്ധി മറികടക്കാൻ കർഷക കൂട്ടായ്മയിൽ ഇറക്കിയ കൃഷിയാണ് കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ എത്തി നശിപ്പിക്കുന്നത്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലുമാണ് വന്യജീവി ആക്രമണം നടക്കുന്നത്. വേനൽ കാലങ്ങളിൽ കാട്ടാനകളാണ് ശല്യമെങ്കിൽ മഴക്കാലത്ത് കാട്ടുപന്നി, മുള്ളൻപന്നി, ഉടുമ്പ്, കുരങ്ങ് എന്നിവയാണ് കൃഷിയിടങ്ങളിലെത്തുക. പന്നിയും കാട്ടാനകളും കുരങ്ങുകളും ഉൾപ്പെടെ ജനവാസ കേന്ദ്രങ്ങളിലെത്തി കൃഷി നശിപ്പിക്കുന്നതും ഇവിടെ പതിവാകുകയാണ്.
കാട്ടു മൃഗങ്ങളെ മറികടക്കാൻ കിടങ്ങുകളും വൈദ്യുതി വേലികളുമുൾപ്പെടെ ഒരുക്കാറുണ്ടെങ്കിലും ഇവയെ മറികടന്നും കാട്ടാനകൾ എത്താറുണ്ട്. റബർ, കുരുമുളക്, നാളികേരം, കൊട്ടപ്പാക്ക്, കൊക്കോ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, കപ്പ, കിഴങ്ങ്, വാഴ, കാച്ചിൽ തുടങ്ങിയ വിവിധ കൃഷികളാണ് മലയോര ജീവിതത്തെ താങ്ങി നിർത്തുന്നത്. സ്വന്തമായും സ്വാശ്രയ സംഘങ്ങളിലൂടെയും കുടുംബശ്രീയിലൂടെയും ഏക്കർ കണക്കിന് സ്ഥലങ്ങളിലാണ് കൃഷി നടത്തിയത്. മൈലപ്ര, റാന്നി, കോന്നി , തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂര്‍, പ്രമാടം, വളളിക്കോട്, മലയാലപ്പുഴ, എനാദിമംഗലം, കൊടുമണ്‍, ഏഴംകുളം, പന്തളം, തെക്കേക്കര, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായെത്തി വ്യാപകമായി കൃഷി നശിപ്പിച്ചത് കാരണം വലിയ നാശ നഷ്‌ടമുണ്ടായി. കൃഷിചെയ്താൽ വിളവെടുക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കർഷകർ പറഞ്ഞു.