പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ട്ം. ആളപായമില്ലെങ്കിലും നിരവധി വീടുകൾ പൂർണമായും നൂറുകണക്കിന് വീടുകൾ ഭാഗീകമായും നശിച്ചു. പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്.
റാന്നി, മല്ലപ്പള്ളി ഭാഗങ്ങളില്‍ വന്‍നാശനഷ്ടം
ആയിരകണക്കിന് മരങ്ങൾ കടപുഴകി. മരങ്ങൾ വീണു ഗതാഗതവും വൈദ്യതി ബന്ധവും തടസപ്പെട്ടു. ജില്ലയിലെ അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് ഏതാനും മിനുറ്റുകൾ മാത്രം വീശിയടിച്ച ശക്തമായ ചുഴലികാറ്റിൽ റാന്നി, മല്ലപ്പള്ളി ഉൾപ്പെടെ മേഖലകളിൽ വന്‍നാശനഷ്ടമുണ്ടായത്.
അയിരൂര്‍, തീയാടിക്കല്‍, പുത്തന്‍ ശബരിമല, തടിയൂര്‍, കടയാര്‍, തെള്ളിയൂര്‍ ഭാഗങ്ങളിലൽ കനത്ത നാശം വിതച്ചാണ് കാറ്റ് കടന്നുപോയത്. മല്ലപ്പള്ളി താലൂക്കില്‍ മാത്രം 120 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഇതില്‍ മുപ്പതോളം വീടുകള്‍ പൂര്‍ണമായി തകർന്നു. വീടുകളുടെ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പ് നടക്കുകയാണ്. നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
കെട്ടിടങ്ങള്‍ക്ക് കേടുപാട്, കൃഷി നശിച്ചു
പൊതുസ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവയ്ക്കും കേടുപാടുകളുണ്ടായി. അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ മാത്രം അന്‍പത് വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായാണ് പ്രാഥമിക വിവരം. റബര്‍ മരങ്ങള്‍ വന്‍തോതില്‍ നശിച്ചു. നിരവധി തോട്ടങ്ങള്‍ പൂര്‍ണമായും നശിച്ചു. തേക്ക്, ആഞ്ഞിലി, പ്ലാവ്, മഹാഗണി ഉൾപ്പെടെ വന്മരങ്ങളും ഫലവൃക്ഷങ്ങളും കടപുഴകി.
മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് നിലച്ച വൈദ്യുതി വിതരണം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ ദിവസങ്ങൾ വേണ്ടി വരും. പലഭാഗങ്ങളിലും വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു വരികയാണ്. തിരുവല്ല - റാന്നി റോഡില്‍ കടയാര്‍ മുതല്‍ വെണ്ണിക്കുളം വരെയുള്ള ഭാഗങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതതടസം ഉണ്ടായി. തിരുവല്ല, റാന്നി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.