പത്തനംതിട്ട :മഴ കനത്തതോടെ അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു. കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തിപ്പെട്ട സാഹചര്യത്തില്‍ വെള്ളപ്പൊക്ക ഭീതിയിലാണ് അമ്പലക്കടവ്, കടയ്ക്കാട്, മുട്ടാര്‍, തോട്ടക്കോണം, കൈപ്പുഴ, ഐരാണിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍. തുടർച്ചയായി പെയ്യുന്ന മഴയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ആറ്റിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു : ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് ജില്ല ഭരണകൂടം - അച്ഛന്‍ കോവില്‍
പത്തനംതിട്ടയില്‍ രണ്ട് ദിവസം യെല്ലോ അലര്‍ട്ട് ; ജില്ലയില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയ്‌ക്ക് സാധ്യത
അതേസമയം ജില്ലയില്‍ ഇന്നും (07-07-2022) നാളെയും (08-07-2022) യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല ഭരണകൂടം അറിയിപ്പ് നല്‍കി.
നദികളിലും ജലാശയങ്ങളിലും ഇറങ്ങരുത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ആവശ്യം വരുന്ന ഘട്ടങ്ങളില്‍ നിര്‍ദേശം പാലിക്കുകയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുകയും വേണമെന്നും ജില്ല കലക്‌ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.