പത്തനംതിട്ട :ശബരിമല കാനനപാതയില്‍ കടന്നൽ കൂടിളകിയതിനെ തുടർന്ന് 17 തീർഥാടകർക്ക് കുത്തേറ്റു. സ്വാമി അയ്യപ്പന്‍ റോഡിലാണ് ഇന്ന് കടന്നല്‍ കൂടിളകിയത്. നാല് തീർഥാടകർക്ക് സാരമായി പരിക്കേറ്റു.
വഴിയരികിലെ മരത്തിൽ ഉണ്ടായിരുന്ന കടന്നൽ കൂട് ഇളകി വീഴുകയായിരുന്നു. ദർശനത്തിനായി പോയ ഭക്തരെ കടന്നലുകൾ കൂട്ടമായി എത്തി അക്രമിച്ചു. പരിക്കേറ്റവരെ പമ്പയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവര്‍ അപകടനില തരണം ചെയ്‌തു: സാരമായി പരിക്കേറ്റ നാല് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവർ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ പറഞ്ഞു.
കടന്നല്‍ ആക്രമണത്തെ തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡ് വഴി തീര്‍ഥാടകരെ കടത്തി വിടുന്നത് 2 മണിക്കൂറോളം നിര്‍ത്തിവച്ചിരുന്നു. അപകട സാധ്യത ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പിന്നീട് ഈ വഴി തീർഥാടകരെ കടത്തി വിട്ടത്. പൈങ്കുനി ഉത്രം ഉത്സവത്തിനായി കഴിഞ്ഞദിവസമാണ് ശബരിമല നട തുറന്നത്.
അതേസമയം, ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ തൃശൂര്‍ തിരുവില്വാമലയില്‍ കടന്നല്‍ കുത്തേറ്റ് ഒരു സ്‌ത്രീ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. തിരുവില്വാമല പുനര്‍ജനി നൂഴലിനെത്തിയവര്‍ക്കാണ് കടന്നലിന്‍റെ കുത്തേറ്റത്. മരത്തില്‍ നിന്നും ഇളകിയ കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
ചാലിക്കടവ് കടന്നല്‍ ആക്രമണം : മാര്‍ച്ച് 20ന് ചാലിക്കടവ് പാലത്തില്‍ കടന്നല്‍ക്കൂട്ടം ആക്രമണം നടത്തിയിരുന്നു. കടന്നലിന്‍റെ ആക്രമണത്തില്‍ കാല്‍നട യാത്രക്കാരുള്‍പ്പടെ 12 പേര്‍ക്കായിരുന്നു കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ പ്രദേശവാസികള്‍ ചേര്‍ന്ന് എംസിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പാലത്തിലൂടെ നടന്നുവന്നിരുന്ന പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെയായിരുന്നു ആദ്യ ആക്രമണമുണ്ടായത്. കടന്നല്‍ക്കൂട്ടത്തിന്‍റെ കുത്തേറ്റ് ഓടിയ ഇയാള്‍ പെട്രോള്‍ പമ്പില്‍ അഭയം തേടിയെങ്കിലും 300 മീറ്ററോളം പിന്തുടര്‍ന്നെത്തി കടന്നല്‍ക്കൂട്ടം ആക്രമിച്ചു.
ഇയാളെ കമ്പിളിപ്പുതപ്പ് മൂടിയാണ് കടന്നല്‍ ആക്രമണത്തില്‍ നിന്ന് പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയത്. അവശനായ ഇയാളെ പിന്നീട് പ്രദേശവാസികള്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കടന്നലിന്‍റെ ശക്തമായ ആക്രമണത്തില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന ശരത്തിനെ അത്യാഹിത വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചത്.
ഇയാള്‍ക്ക് പിന്നാലെ പാലം കടന്ന എല്ലാവരെയും കടന്നല്‍ക്കൂട്ടം ആക്രമിച്ചിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ഇറങ്ങി പാലത്തിന്‍റെ ഇരു ഭാഗങ്ങളിലും ആളുകളെ തടയുകയായിരുന്നു. പാലത്തില്‍ അരമണിക്കൂറോളമായിരുന്നു ഇവ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്.
കടന്നലാക്രമണം നിത്യസംഭവം : ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാലത്തില്‍വച്ച് കടന്നല്‍ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ മാസം മാത്രം ഏഴ് പേരെയായിരുന്നു കടന്നല്‍ക്കൂട്ടം കുത്തിയത്. ഇവര്‍ക്ക് ഗുരുതരമല്ലാത്ത ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായി.
അന്നേദിവസം വനം വകുപ്പ് അധികൃതര്‍ എത്തി ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. പകരം കടന്നല്‍ക്കൂട് കൂടുതല്‍ വലുതാവുകയാണ് ചെയ്‌തത്. വലിയ കടന്നല്‍ക്കൂട് രൂപപ്പെട്ടിരിക്കുന്നത് പാലത്തിന്‍റെ അടിഭാഗത്താണ്. നഗരത്തിന്‍റെ തിരക്കുള്ള ഭാഗത്ത് കടന്നല്‍ ആക്രമണം നിരന്തരം ഉണ്ടാകുന്നതിന്‍റെ പശ്ചാത്തലത്തില്‍ നാളിതുവരെയും പരിഹാരം കാണാത്തതില്‍ പ്രദേശവാസികളില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.