പത്തനംതിട്ട: കൊവിഡ് കാലത്ത് അതിജീവനത്തിന്‍റെ വലിയ സന്ദേശം നമുക്ക് പകർന്നുനൽകുകയാണ് അടൂർ പെരിങ്ങനാട് സ്വദേശി വിഷ്‌ണു. ലോക്ക്ഡൗൺ മൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠന ചിലവിനുള്ള പണം കണ്ടെത്താൻ പഴക്കച്ചവടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് വിഷ്‌ണു.
വെണ്ണിക്കുളം പോളിടെക്‌നിക്കിലെ രണ്ടാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയായ വിഷ്‌ണു പഠനത്തിനിടയിലും ചിലവിനുള്ള പണം കണ്ടെത്താനാണ് സുഹൃത്ത് പ്രിൻസിന്‍റെ ഒപ്പം പഴക്കച്ചവടം നടത്താൻ തുടങ്ങിയത്. അടൂർ എം സി റോഡരികിലെ പ്രിൻസിന്‍റെ കച്ചവട സ്ഥലത്തുനിന്നും പഴങ്ങൾ കെ പി റോഡരികിലെത്തിച്ച് വിൽപ്പന നടത്തുന്നത് വിഷ്‌ണുവാണ്. ഇതിനായി പ്ലസ് ടു പഠനം പൂർത്തിയാക്കി നിൽക്കുന്ന കൂട്ടുകാരൻ അഖിലിനെയും ഒപ്പം കൂട്ടി.