പത്തനംതിട്ട :നൗഷാദ് തിരോധാന കേസില്‍ ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് അഫ്‌സാന വിവരിക്കുന്ന ദൃശ്യം പുറത്തുവിട്ട് പൊലീസ്. നൗഷാദിനെ കണ്ടെത്തിയതിന് പിന്നാലെ, ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന അഫ്‌സാനയുടെ ആരോപണത്തിന് പിന്നാലെയാണ് നടപടി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും അഫ്‌സാന ആരോപിച്ചിരുന്നു. അഫ്‌സാന ഉയര്‍ത്തിയ ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്‌തിരുന്നു.
നൗഷാദുമൊത്ത് താമസിച്ചിരുന്ന പരുത്തിപ്പാറയിലെ വാടക വീട്ടില്‍ വച്ചാണ് താന്‍ കൊലപാതകം ചെയ്‌തതെന്ന് അഫ്‌സാന പറയുന്ന വീഡിയോയാണിത്. വാടക വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെ സംഭവങ്ങള്‍ വിവരിക്കുന്നത് വീഡിയോയില്‍ കാണാം. ജൂലൈ 27 നാണ് അഫ്‌സാനയുമായി കൂടല്‍ പൊലീസ് പരുത്തിപ്പാറയിലെ വാടക വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്.
നൗഷാദ് തിരോധാന കേസില്‍ വലഞ്ഞ് പൊലീസ് : രണ്ടുവര്‍ഷം മുമ്പാണ് കലഞ്ഞൂര്‍ സ്വദേശിയായ നൗഷാദിനെ കാണാതായത്. പരുത്തിപ്പാറയിലെ വാടക വീട്ടില്‍ ഭാര്യക്കൊപ്പം കഴിയുന്നതിനിടെയായിരുന്നു സംഭവം. 2021 നവംബറില്‍ മകനെ കാണാനില്ലെന്ന് പറഞ്ഞ് നൗഷാദിന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കി.
ഇതിന്‍മേല്‍ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. അതിന് കാരണം ഭാര്യ അഫ്‌സാനയുടെ വിരുധ മൊഴികളായിരുന്നു. നൗഷാദ് തിരോധാന കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ആറ് മാസം മുമ്പ് അടൂരില്‍ വച്ച് നൗഷാദിനെ കണ്ടിരുന്നുവെന്ന് അഫ്‌സാന പൊലീസിനോട് പറഞ്ഞു. എന്നാല്‍ വൈരുധ്യങ്ങള്‍ നിറഞ്ഞ മൊഴികളായതിനാല്‍ പൊലീസ് അന്വേഷണവുമായി മുന്നോട്ടുനീങ്ങി. അഫ്‌സാനയെ വീണ്ടും പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടുവെന്ന് വിശദീകരിച്ചത്.