പത്തനംത്തിട്ട:കൊവിഡ് വ്യാപനത്തില്‍ നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലെ സാഹചര്യം പൊതുവെ നിരീക്ഷിക്കുന്നുണ്ട്. കൊവിഡ് സാഹചര്യം ഓണ്‍ലൈനായി വിലയിരുത്തിയ ശേഷം പത്തനംതിട്ട കലക്‌ട്രേറ്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എറണാകുളം ജില്ലയില്‍ മാത്രമാണ് സംസ്ഥാനത്ത് നിലവില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. നിലവിലുള്ളതിനേക്കാള്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്നാല്‍ പഴയതുപോലെ ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കും. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും കൊവിഡ് സ്ഥിതി കൃത്യമായി അവലോകനം ചെയ്‌തു വരുന്നുണ്ടെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ പൊതുസാഹചര്യം പരിശോിച്ചാല്‍ പുതിയ ക്ലസ്‌റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു കൊണ്ട് കുട്ടികളെ കൂടുതലായി വക്‌സിനേഷന്‍ നടത്തുന്നതിനുള്ള പ്രേരണയ്ക്കായി ബോധവത്ക്കരണം നടത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് മുന്‍കരുതലുകള്‍ എല്ലാവരും കൃത്യമായി തുടരണമെന്നും ആരോഗ്യ മന്ത്രി യോഗത്തില്‍ അഭ്യര്‍ഥിച്ചു.