പത്തനംതിട്ട:രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം നടക്കുന്ന ആറന്മുള ജലോത്സവം ഏറ്റവും മികച്ച രീതിയില്‍ നടത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വള്ളംകളി മികച്ച രീതിയില്‍ നടത്തുന്നതിന് വ്യക്തികളും വകുപ്പുകളും പങ്കാളികളാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉത്രട്ടാതി ജലോത്സവത്തിന്‍റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ മാസം 11 നാണ് ഉത്രട്ടാതി ജലോത്സവം. രാവിലെ പത്തിന് ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യർ പതാക ഉയർത്തുകയും ഉച്ചയ്‌ക്ക് ഒരു മണിക്ക് ജലഘോഷയാത്രയ്‌ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. പൊതു ജനങ്ങൾക്കൊപ്പം ഐക്കര ജങ്‌ഷനിലെ വ്യാപാര സ്ഥാപനങ്ങൾ ദീപാലങ്കാരം ചെയ്യുവാൻ വേണ്ട നിർദേശം നൽകാൻ ആറന്മുള പഞ്ചായത്തിനെ ചുമതലപ്പെടുത്തി.
വാട്ടർ സ്റ്റേഡിയത്തിലെ മൺപുറ്റുകളും കടവുകളിലെ ചെളിയും മേജർ ഇറിഗേഷൻ വകുപ്പ് കൂടുതൽ ജോലിക്കാരെ നിയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യണം. തിരുവല്ല, ചെങ്ങന്നൂർ, പന്തളം, പത്തനംതിട്ട, മല്ലപ്പള്ളി, അടൂർ, റാന്നി എന്നിവിടങ്ങളിൽ നിന്നും കെഎസ്‌ആർടിസി ആവശ്യമായ സർവിസ് നടത്തണമെന്നും മന്ത്രി പറഞ്ഞു.