പത്തനംതിട്ട: മതസൗഹാര്‍ദത്തിന്‍റെ കരുത്തുറ്റ പ്രതീകമാണ് ശബരിമല സന്നിധാനത്തെ വാവരുനട. മറ്റൊരു ആരാധനാലയത്തിലും കാണാനാകാത്ത സവിശേഷമായ ആചാരവും ഐതിഹ്യവുമാണ് വാവര് നടയുടെ മഹനീയത. പുലിപ്പാല്‍ തേടിയിറങ്ങിയ മണികണ്‌ഠൻ വാവരുമായിഏറ്റുമുട്ടുമെന്നും അതിലൂടെ ചങ്ങാത്തം സ്ഥാപിക്കുമെന്നും നേരത്തേ തന്നെ വെളിപാട് കിട്ടിയിരുന്നു.
ബലപരീക്ഷണത്തിലൂടെ വാവരെ മനസിലാക്കിയ അയ്യപ്പന്‍ തന്‍റെ ദൗത്യനിര്‍വഹണത്തില്‍ അദ്ദേഹത്തെയും കൂട്ടി. ഒടുവില്‍ അയ്യപ്പന്‍ കുടികൊള്ളുന്ന സന്നിധാനത്തിന് സമീപത്തായി വാവരെയും ഇരുത്തി. ഇതാണ് അയ്യപ്പനും വാവരും എന്ന സൗഹൃദത്തിന്‍റെ ഐതിഹ്യമെന്ന് വാവരുനടയിലെ മുഖ്യകാര്‍മികന്‍ വി.എസ്. അബ്ദുള്‍ റഷീദ് മുസലിയാര്‍ പറയുന്നു.
ജ്യോതിഷിയും ആയുര്‍വേദ വൈദ്യനുമായിരുന്നു വാവര്. എരുമേലിയില്‍ പേട്ട തുള്ളിയെത്തുന്ന അയ്യപ്പന്‍മാര്‍ അവിടെ ക്ഷേത്രത്തിലും വാവരുപള്ളിയിലും ദര്‍ശനം നടത്തിയ ശേഷമാണ് ശബരിമലയിലേയ്ക്ക് വരുന്നത്. ജാതിമത വര്‍ണവ്യത്യാസമില്ലാതെ ആര്‍ക്കും ദര്‍ശനം നടത്താവുന്ന ശബരിമല വിശ്വമാനവികതയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മുസലിയാര്‍ പറഞ്ഞു.
ALSO READ കാനനപാത തുറക്കല്‍ ; എ.ഡി.എമ്മിന്‍റെ നേതൃത്വത്തില്‍ പരിശോധന
വാവരുനടയില്‍ വാവരുടെ ഉടവാള്‍ സൂക്ഷിച്ചിട്ടുണ്ട്. അതിന്‍റെ ഇടതുഭാഗത്താണ് കാര്‍മ്മികന്‍ ഇരിക്കുക. അരി, ചുക്ക്, ജീരകം, ഏലയ്ക്ക എന്നിവ പൊടിച്ചുണ്ടാക്കിയതാണ് മധുരവും എരിവും ചേര്‍ന്ന വാവരുനടയിലെ പ്രധാന പ്രസാദം
കുരുമുളകും കല്‍ക്കണ്ടവും വേറെയും നല്‍കാറുണ്ട്. അയ്യപ്പനോടുള്ള ആദരവിന്‍റെ ഭാഗമായി ഭസ്‌മം നല്‍കും. ആവശ്യക്കാര്‍ക്ക് ചരടും നല്‍കാറുണ്ട്. പത്തനംതിട്ട വായ്പ്പൂര് വെട്ടിപ്ലാക്കല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് വാവരുനടയില്‍ മുഖ്യകാര്‍മികനായി എത്തുക.