പത്തനംതിട്ട:മത്സ്യ വിപണിയില്‍ വിജയം കൊയ്‌ത് വടശ്ശേരിക്കരയിലെ അനീഷ് തോമസ്. കൊവിഡ് കാലത്താണ് അനീഷ് മത്സ്യ വില്‍പ്പനയിലേക്ക് കടന്നത്. കടപ്പുറത്തെ മത്സ്യ തൊഴിലാളികളില്‍ നിന്നും നേരിട്ടാണ് ഇദ്ദേഹം മത്സ്യം വാങ്ങുന്നത്. അതിനാല്‍ തന്നെ രാസവസ്‌തുക്കള്‍ ചേര്‍ക്കാത്ത ശുദ്ധമായ മത്സ്യം നാട്ടുകാര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുന്നുണ്ടെന്നും അനീഷ് പറയുന്നു.
വടശ്ശേരിക്കരയില്‍ നിന്നും പുലര്‍ച്ചെ വാടി കടല്‍ തീരത്തേക്ക് പോകും. സ്‌കൂട്ടറിലാണ് യാത്ര. അവിടെയെത്തി സ്‌കൂട്ടറിന്‍റെ പുറകിൽ ഒതുങ്ങുന്ന രണ്ട് പെട്ടികളിൽ മീൻ ലേലം വിളിച്ചെടുക്കും. വാടിയിൽ നിന്നും ശാസ്‌താംകോട്ട-അടൂർ-കൈപ്പട്ടൂർ വഴി വടശ്ശേരിക്കര എത്തും മുൻപ് വാങ്ങിയ മീനൊക്കെ വിറ്റു തീരുമെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു. ബി എ ഇക്കണോമിക്‌സ് ബിരുദധാരിയായ അനീഷ് ഇലക്‌ട്രിക്കല്‍ ജോലികള്‍ ഉള്‍പ്പെടെ ചെയ്‌തിരുന്നു. കൊവിഡ് വന്നതോടെ ജോലി ലഭിക്കാതായി. ഇതോടെയാണ് മത്സ്യ വില്‍പ്പനയിലേക്ക് കടന്നത്.