പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയില്‍ നടപ്പിലാക്കുന്ന പത്തനംതിട്ട ജില്ലയെ പ്രശംസിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീബ് ഗൗബ. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കൊവിഡ് ബാധിത ജില്ലാ കലക്ടര്‍മാര്‍ക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കുമായി വിളിച്ചു ചേര്‍ത്ത വീഡിയോ കോൺഫറൻസിങ്ങിലാണ് ജില്ലയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാബിനറ്റ് സെക്രട്ടറി നേരിട്ട് അഭിനന്ദിച്ചത്.
കൊവിഡ് പ്രതിരോധം; പത്തനംതിട്ടയെ അഭിനന്ദിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീബ് ഗൗബ
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കൊവിഡ് ബാധിത ജില്ലാ കലക്ടര്‍മാര്‍ക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കുമായി വിളിച്ചു ചേര്‍ത്ത വീഡിയോ കോൺഫറൻസിങ്ങിലാണ് ജില്ലയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാബിനറ്റ് സെക്രട്ടറി നേരിട്ട് അഭിനന്ദിച്ചത്.
കൊവിഡ് വ്യാപനത്തിനെതിരെ പത്തനംതിട്ട ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ ഇടപെടലുകൾ രാജ്യത്തിന് തന്നെ മാതൃകയാണ്. ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്നതാണെന്നും അഭിനന്ദനീയമാണെന്നും കേന്ദ്ര കാബിനറ്റ് സെക്രട്ടറി പറഞ്ഞു. ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങൾ ജില്ല കലക്ടർ പി.ബി നൂഹ് അവതരിപ്പിച്ചു. പത്തനംതിട്ടയുടെ പ്രവർത്തനങ്ങൾ കണ്ട ശേഷമായിരുന്നു കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അഭിനന്ദനം. ഇത്തരത്തില്‍ രാജ്യത്തെ നാലു ജില്ലകള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. രാജസ്ഥാനിലെ ബിലാവ, ആഗ്ര, മുംബൈ എന്നിവയാണ് മറ്റു ജില്ലകള്‍. തുടര്‍ന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നും നിര്‍ദ്ദേശങ്ങൾ നല്‍കി. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍, സബ് കലക്ടര്‍ ഡോ. വിനയ് ഗോയല്‍, ഡിഎംഒ ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ തുടങ്ങിയവരും വീഡിയോ കോൺഫറൻസിങ്ങില്‍ പങ്കെടുത്തു.