പത്തനംതിട്ട: കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം പാസായി. യുഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്‌ടമായി. പത്തനംതിട്ട ജില്ലയില്‍ യുഡിഎഫിന് അധികാരമുണ്ടായിരുന്ന ഏക ബ്ലോക്ക് പഞ്ചായത്തായിരുന്നു കോയിപ്രം.
പ്രസിഡന്‍റ് ജിജി ജോണ്‍ മാത്യുവിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി കോൺഗ്രസ് അംഗമാണ് വോട്ടു ചെയ്‌തത്. പ്ലാങ്കമണ്‍ ഡിവിഷനില്‍ നിന്നുള്ള കോൺഗ്രസ് അംഗം ഉണ്ണി പ്ലാച്ചേരി വിപ്പ് ലംഘിച്ച് യോഗത്തില്‍ പങ്കെടുത്ത് പ്രസിഡന്‍റ് ജിജി ജോണ്‍ മാത്യുവിനെതിരെ വോട്ടു ചെയ്യുകയായിരുന്നു.
ആകെയുള്ള 13 സീറ്റില്‍ യുഡിഎഫിന് 7, എല്‍ഡിഎഫ് 6 എന്നിങ്ങനെയായിരുന്നു കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ കക്ഷിനില. കോൺഗ്രസ് അംഗം വോട്ട് ചെയ്‌തതോടെ ഏഴ് പേരുടെ പിന്തുണയോടെയാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായത്. യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുത്തില്ല.