പത്തനംതിട്ട:രണ്ട് കിലോ കഞ്ചാവുമായി ബീഹാര്‍ സ്വദേശികള്‍ പിടിയില്‍. മഥെൽ പുര സുഖാസെൻ സ്വദേശികളായ കുന്ദൻ മണ്ഡൽ (31), കുമോദ് (23) എന്നിവരാണ് അറസ്റ്റിലായത്. അബാൻ ജങ്‌ഷനില്‍ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
ശനിയാഴ്‌ച(06.08.2022) പത്തനംതിട്ട പൊലീസ് നടത്തിയ പട്രോളിങിനിടെയാണ് യുവാക്കളെ കണ്ടത്. പൊലീസ് വാഹനം കണ്ടയുടന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഇവരെ പിടികൂടിയത്. പ്രതികളില്‍ നിന്നും 2 കിലോ 295 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെത്തി.
നാല് പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടാതെ ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണും 610 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും കഞ്ചാവിന്‍റെ ഉറവിടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമെന്നും ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ പറഞ്ഞു.
ജില്ലയില്‍ ലഹരിവസ്‌തുക്കൾക്കെതിരായ പരിശോധന കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ല പോലീസ് മേധാവി പറഞ്ഞു. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്‌തു.
also read:വില്‍പനയ്‌ക്കായി കൊണ്ടുവന്ന 15 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍