പത്തനംതിട്ട: കോന്നി എലിയറയ്ക്കൽ കാളാഞ്ചിറയിൽ 53 ഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് ടെസിങ്പുർ സ്വദേശികളായ അംജാദ് മോണ്ടേൽ (32), മിറജുൽ ഇസ്ലാം (28) എന്നിവരാണ് അറസ്റ്റിലായത്. ഡാൻസാഫ് സംഘവും കോന്നി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
പത്തനംതിട്ടയില്‍ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ
ഡാൻസാഫ് സംഘവും കോന്നി പൊലീസും ചേർന്ന് നടത്തിയ പരിശോധനയില്‍ 53 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍
അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്‌തുക്കൾ വ്യാപകമായി എത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. കോന്നി ചൈനമുക്കിലാണ് ഇവരുടെ താമസം. കുറച്ച് നാളുകളായി പ്രദേശത്ത് കഞ്ചാവ് കച്ചവടം നടക്കുന്നതായി വിവരമുണ്ടായിരുന്നു.
മറ്റ് പണികൾക്കൊന്നും പോകാതെ അതിഥി തൊഴിലാളികളില്‍ ചിലർ രണ്ട് മാസം കൂടുമ്പോൾ നാട്ടിൽ പോയി ലഹരിവസ്‌തുക്കളുമായെത്തി വില്‍പന നടത്തുന്നതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. കൂടുതൽ വരുമാനം കിട്ടുമെന്നതിനാലാണ് ലഹരി വില്‍പനയിലേക്ക് തിരിയാൻ അതിഥി തൊഴിലാളികളെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ലഹരി വിരുദ്ധ കാമ്പയിന്‍ 'യോദ്ധാവി'ന്‍റെ ഭാഗമായുള്ള പരിശോധനകള്‍ തുടരുമെന്ന് ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ അറിയിച്ചു.