പത്തനംതിട്ട :പൊതുമേഖല സ്ഥാപനമായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ സ്‌പിരിറ്റ് വെട്ടിപ്പില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
ടാങ്കര്‍ ഡ്രൈവര്‍മാരായ ഇടുക്കി സ്വദേശി സിജോ, തൃശൂര്‍ സ്വദേശി നന്ദകുമാര്‍, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ താത്ക്കാലിക ജീവനക്കാരന്‍ ചെങ്ങന്നൂര്‍ സ്വദേശി അരുണ്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായവർ കേസിലെ ഒന്നു മുതല്‍ മൂന്ന് വരെ പ്രതികളാണ്. ടാങ്കറുകളില്‍ നിന്നും പത്ത് ലക്ഷത്തോളം രൂപയും കണ്ടെത്തി. ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ക്രമക്കേട് എന്നാണ് സൂചന.
ജനറല്‍ മാനേജര്‍ അലക്‌സ് പി. എബ്രഹാം, മാനേജര്‍ യു. ഷാഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി, മധ്യപ്രദേശ് സ്വദേശി അബു എന്നിവരാണ് എക്സൈസ് എഫ്ഐആര്‍ പ്രകാരം നാല് മുതല്‍ ഏഴ് വരെ പ്രതികള്‍. ഇതുമായി ബന്ധപ്പെട്ട കേസ് എക്സൈസ് പൊലീസിന് കൈമാറിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ തിരുവല്ലയ്ക്ക് സമീപം പുളിക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് മൂന്ന് ടാങ്കറുകളിൽ കൊണ്ടുവന്ന സ്‌പിരിറ്റിൽ 20,386 ലിറ്റര്‍ സ്‌പിരിറ്റ് മൂന്ന് മുതല്‍ ആറ് വരെ പ്രതികളുടെ അറിവോടെ ഒന്നും രണ്ടും പ്രതികള്‍ ഏഴാം പ്രതിക്ക് വിറ്റെന്നാണ് കേസ്.
Also Read:വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ മദ്യപസംഘത്തിന്‍റെ ലൈംഗികാതിക്രമം
പ്രതികള്‍ക്കെതിരെ മോഷണത്തിന് കേസെടുത്തു. അറസ്റ്റ് ചെയ്‌ത മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കും. എക്‌സ്‌സൈസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഏഴ് പേരാണ് എഫ്ഐആറില്‍ പ്രതി ചേര്‍ക്കപ്പട്ടിരിക്കുന്നത്.
അന്വേഷണം തുടരുകയാണെന്ന് പുളിക്കീഴ് സിഐ ബിജു വി. നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ടാങ്കറുകളുടെ കാബിനിലായി സൂക്ഷിച്ചിരുന്ന 9.50 ലക്ഷം രൂപയും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്. ഒരു ടാങ്കറില്‍ നിന്ന് ആറ് ലക്ഷവും മറ്റൊന്നില്‍ നിന്ന് 3.5 ലക്ഷവുമാണ് പിടിച്ചത്.
ഫാക്‌ടറിയിലെ സ്‌പിരിറ്റിന്‍റെ കണക്ക് സൂക്ഷിക്കുന്ന അരുണ്‍ കുമാര്‍ എന്ന ജീവനക്കാരന് കൈമാറാന്‍ കൊണ്ടുവന്ന പണമാണ് ഇതെന്നാണ് ടാങ്കര്‍ ഡ്രൈവര്‍മാര്‍ എക്‌സൈസിന് നല്‍കിയ മൊഴി. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിൽ ജവാൻ റം ആണ് ഉത്പാദിപ്പിക്കുന്നത്.
രഹസ്യ വിവരം ചുരുളഴിച്ച അഴിമതി
മധ്യപ്രദേശില്‍ നിന്നും ഇവിടേയ്ക്ക് എത്തിക്കുന്ന സ്‌പിരിറ്റിൽ വൻ ക്രമക്കേട് നടക്കുന്നതായി എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.