പത്തനംതിട്ട: റീബില്‍ഡ് കേരളയിൽ ഉൾപെടുത്തി നിർമാണം നടക്കുന്ന റാന്നിയിലെ പാലം നിര്‍മാണം നാട്ടുകാർ തടഞ്ഞു. നിർമാണത്തില്‍ കോണ്‍ക്രീറ്റ് തൂണില്‍ കമ്പിക്ക് പകരം തടി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നാട്ടുകാർ നിർമാണം തടഞ്ഞത്. റാന്നി പഴവങ്ങാടി വലിയ പറമ്പില്‍പടിയിലുള്ള ബണ്ടുപാലം റോഡില്‍ പാലത്തിന്‍റെ ഡിആര്‍ നിര്‍മിക്കുന്നതിനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് തൂണുകളിലാണ് കമ്പിയ്ക്ക് പകരം തടി ഉപയോഗിച്ചതായി നാട്ടുകാര്‍ കണ്ടെത്തിയത്.
കോണ്‍ക്രീറ്റ് തൂണില്‍ കമ്പിക്ക് പകരം മരത്തടി, റാന്നിയിലെ പാലം നിർമാണം തടഞ്ഞ് നാട്ടുകാർ - പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത
റീബില്‍ഡ് കേരളയിൽ ഉള്‍പെടുത്തി നിര്‍മിക്കുന്ന റാന്നി പാലത്തിന്‍റെ ഡിആര്‍ നിര്‍മിക്കുന്നതിനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് തൂണുകളിലാണ് കമ്പിക്ക് പകരം തടി ഉപയോഗിച്ചതായി നാട്ടുകാർ കണ്ടെത്തിയത്.
നാട്ടുകാർ കോൺക്രീറ്റ് തൂണുകൾ പൊട്ടിച്ചു ഉള്ളിലെ തടി പുറത്തു കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാലത്തിന്‍റെ തൂണിന് ചുറ്റുമുള്ള സംരക്ഷണ കവചമെന്ന നിലയ്ക്കാണ് ഡിആര്‍ പാക്കിംഗ് നിര്‍മിക്കുന്നത്. കോണ്‍ക്രീറ്റ് തൂണുകളില്‍ തടി തള്ളി നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പരിശോധിക്കുകയും നിർമാണ പ്രവർത്തനങ്ങൾ തടയുകയും ചെയ്‌തത്.
ഇരുവശങ്ങളിലും സ്ഥാപിക്കാനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് പീസുകള്‍ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സമീപത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇവയെല്ലാം വാര്‍ത്തിരിക്കുന്നത് തടി വെച്ച് തന്നെയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും നാട്ടുകാര്‍ പറയുന്നു. അശാസ്‌ത്രീയമായ നിർമാണത്തിനെതിരെ പരാതി നല്‍കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.