പത്തനംതിട്ട :കട്ടച്ചിറയിലെ റോഡരികിൽ അവശ നിലയിൽ കണ്ടെത്തിയ കടുവക്കുട്ടി ചത്തു. കാലില്‍ പഴക്കമുള്ള വ്രണവും തലയിലും ചെവികളിലും കഴുത്തിനുപിന്നിലും മുറിവുകളുമുണ്ടായിരുന്നു (Tiger cub Died).
ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത വിധം അവശനായിരുന്നു കടുവക്കുട്ടിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് രാവിലെ പത്ര വിതരണത്തിന് പോയവരാണ് ചിറ്റാർ മണിയാർ കട്ടച്ചിറ റോഡരികിൽ കടുവക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റതെന്നായിരുന്നു നിഗമനം.
കടുവയ്ക്ക് ഒന്നര വയസ് പ്രായമുണ്ടെന്നാണ് കരുതുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ പത്തനംതിട്ട വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്കായി കടുവയുടെ ജഡം കോന്നി ആനക്കൂട്ടിൽ എത്തിക്കും.
കടുവ കൂട്ടിലായി :അതേസമയം വയനാട് പനവല്ലിയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയ കടുവ കൂട്ടിലായി. കഴിഞ്ഞ ഒന്നര മാസമായി ജനവാസ മേഖലയിലെത്തുന്ന കടുവയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത് (Tiger Trapped In Panavalli). ആദണ്ഡക്കുന്ന് പള്ളിക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്.