പത്തനംതിട്ട: റാന്നി പഴവങ്ങാടിയിൽ സ്വകാര്യ വ്യക്തിയുടെ ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഷീറ്റുകള്‍ പകൽ സമയം ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടു പോയ കേസിൽ മൂന്നംഗ സംഘം പിടിയിൽ. റാന്നി പുതുശ്ശേരിമല വിനീഷ് ഭവനില്‍ വിനേഷ് കുമാര്‍ (36), വടശ്ശേരിക്കര ഇടക്കുളം മുല്ലത്താനത്ത് എം.എസ്.സിബി (40), പഴവങ്ങാടി ചെല്ലക്കാട് മഠത്തുംപടി പാറക്കുഴിയില്‍ തങ്കച്ചന്‍ (ഡിക്കി 57) എന്നിവരെയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിനു സമീപം ചാലുങ്കല്‍ സി പി വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഷീറ്റുകളാണ് പ്രതികൾ ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ട് പോയത്. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.