പത്തനംതിട്ട:തിരുവല്ലയിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയിൽ റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. പത്തനംതിട്ട ഡി.എം.ഒയോടാണ് (District Medical Officer) റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മരിച്ച രാജന്‍റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്.
ഓക്‌സിജൻ കിട്ടാതെ രോഗി ആംബുലന്‍സില്‍ മരിച്ചെന്ന പരാതി, റിപ്പോർട്ട് തേടി മന്ത്രി വീണ ജോര്‍ജ് - വീണ ജോര്‍ജിന്‍റെ ഇടപെടല്‍
ഓഗസ്റ്റ് 14 രാത്രി 12 മണിക്കാണ് തിരുവല്ലയിൽ വച്ച് ഓക്‌സിജൻ കിട്ടാതെ രോഗിയുടെ മരണമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വീണ ജോര്‍ജിന്‍റെ ഇടപെടല്‍
തിരുവല്ല പടിഞ്ഞാറേ വെൺപാല പുത്തൻ തുണ്ടിയിൽ രാജനാണ് (63) ഓക്‌സിജൻ കിട്ടാതെ ആരോഗ്യ വകുപ്പിന്‍റെ ആംബുലൻസിൽ വച്ച് മരിച്ചത്. ഞായറാഴ്‌ച (ഓഗസ്റ്റ് 14) രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. ശ്വാസംമുട്ടൽ അനുഭവപ്പെട്ട രാജനെ രാത്രി പതിനൊന്നരയോടെ ബന്ധുക്കൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നിന്നും ഡ്യൂട്ടി ഡോക്‌ടര്‍ രാജനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തു.
തുടർന്ന്, ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴി സിലിണ്ടർ കാലിയായതിനെ തുടർന്ന് ഓക്‌സിജൻ ലഭിക്കാതെ വന്ന് മരിക്കുകയായിരുന്നു എന്നാണ് പരാതി. ബന്ധുക്കൾ ഇത് സംബന്ധിച്ച് പുളിക്കീഴ് പൊലീസിലാണ് പരാതി നൽകിയത്.