കേരളം

kerala

ETV Bharat / state

തിരുവാഭരണ പാത കയ്യേറ്റം: അടിയന്തര നടപടി സ്വീകരിക്കാന്‍ കലക്ടറുടെ നിര്‍ദേശം

തിരുവാഭരണ പാത കടന്നുപോകുന്ന കോഴഞ്ചേരി താലൂക്കിലെ ആറു വില്ലേജുകളില്‍ 259 കയ്യേറ്റങ്ങളും റാന്നി താലൂക്കിലെ അഞ്ചു വില്ലേജുകളില്‍ 115 കയ്യേറ്റങ്ങളുമാണ് നിലവില്‍ കണ്ടെത്തിയത്.

By

Published : Apr 21, 2021, 4:08 PM IST

Thiruvabharana road encroachment  Collector's order to take immediate action  തിരുവാഭരണ പാത കയ്യേറ്റം  അടിയന്തര നടപടി സ്വീകരിക്കാന്‍ കലക്ടറുടെ നിര്‍ദേശം  ജില്ലാ കലക്ടര്‍
തിരുവാഭരണ പാത കയ്യേറ്റം: അടിയന്തര നടപടി സ്വീകരിക്കാന്‍ കലക്ടറുടെ നിര്‍ദേശം

പത്തനംതിട്ട: തിരുവാഭരണ പാതയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദ്ദേശം നല്‍കി. പാത കടന്നുപോകുന്ന 11 വില്ലേജുകളിലെ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുമാണ് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇക്കാര്യവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി ക്രമങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ തിരുവല്ല, അടൂര്‍ ആര്‍ഡിഒമാരെ ചുമതലപ്പെടുത്തി. ആര്‍ഡിഒമാര്‍ എല്ലാ ആഴ്ചയും കയ്യേറ്റം ഒഴിപ്പിക്കല്‍ പുരോഗതി വിലയിരുത്തണം. മെയ് മാസം അഞ്ചിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് ആര്‍ഡിഒമാര്‍ സമര്‍പ്പിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി.

കയ്യേറ്റം സംബന്ധിച്ച് തര്‍ക്കമുള്ള കേസില്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍, താലൂക്ക് സര്‍വേയര്‍ എന്നിവര്‍ പരിശോധന നടത്തി പുറമ്പോക്ക് തിട്ടപ്പെടുത്തി സ്‌കെച്ച് സഹിതം ഉടന്‍ റിപ്പോര്‍ട്ട് നല്‍കണം. ഓരോ കേസുകളും പരിശോധിച്ച് കയ്യേറ്റം ഒഴിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി തീയതി സഹിതം വില്ലേജ് ഓഫീസര്‍മാര്‍ അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. പി.ഡബ്ല്യൂ.ഡി റോഡിലെ തിരുവാഭരണ പാത കയ്യേറ്റങ്ങള്‍ വകുപ്പ് തന്നെ ഒഴിപ്പിക്കണം. അളന്ന് തിട്ടപ്പെടുത്തിയ കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കണം.

തിരുവാഭരണ പാതയിലെ ഒഴിപ്പിക്കുന്ന കയ്യേറ്റങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ ഗ്രാമപഞ്ചായത്തുകളും പൊതുമരാമത്ത് വകുപ്പും കമ്പിവേലി കെട്ടി തിരിക്കണം. ഇതിനായുള്ള തുക ഗ്രാമപഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കാം. തിരുവാഭരണ പാതയുടെ സംരക്ഷണ ചുമതല ദേവസ്വം ബോര്‍ഡിനാണ്. തിരുവാഭരണ പാത കടന്നുപോകുന്ന കോഴഞ്ചേരി താലൂക്കിലെ ആറു വില്ലേജുകളില്‍ 259ഉം റാന്നി താലൂക്കിലെ അഞ്ചു വില്ലേജുകളില്‍ 115ഉം കയ്യേറ്റങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

ABOUT THE AUTHOR

...view details