കേരളം

kerala

ETV Bharat / state

video: തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു

പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്ന് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം തിരുവാഭരണ പേടകങ്ങള്‍ ശിരസിലേറ്റി ശബരിമല ലക്ഷ്യമാക്കി നീങ്ങി

Thiruvabharana Ghoshayathra Sabarimala Makaravilakku
തിരുവാഭരണ ഘോഷയാത്ര

By

Published : Jan 12, 2023, 4:24 PM IST

തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു

പത്തനംതിട്ട : മകരസംക്രമ സന്ധ്യയില്‍ ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നും ശബരിമലയിലേക്ക് പുറപ്പെട്ടു. ജനുവരി പതിനാലിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായായാണ് ശബരിമലയിലെത്തിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ (12.01.23) തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. 11 മണിവരെ ഭക്തര്‍ക്ക് ആഭരണങ്ങള്‍ ദര്‍ശിക്കുവാനുള്ള സൗകര്യമൊരുക്കി. ഉച്ചയോടെ ക്ഷേത്രത്തില്‍ ആചാരപരമായ ചടങ്ങുകള്‍ നടന്നു.

ഒരു മണിയ്ക്ക് കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം തിരുവാഭരണ പേടകങ്ങള്‍ ശിരസിലേറ്റി ശബരിമല ലക്ഷ്യമാക്കി നീങ്ങി. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ താവളമടിക്കും.

മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്. പ്ലാപ്പള്ളിയില്‍ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയിലെത്തിച്ചേരും. തിരുവാഭരണങ്ങള്‍ ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

ഘോഷയാത്രയ്ക്കൊപ്പം യാത്രതിരിക്കുന്ന രാജാവ് പമ്പയിലെത്തി ഭക്തര്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കും. മൂന്നാം ദിവസം മലകയറുന്ന രാജാവ് ശബരിമലയില്‍ നടക്കുന്ന കളഭവും മാളികപ്പുറത്ത് നടക്കുന്ന കുരുതിയും കഴിഞ്ഞാണ് ശബരിമല നടയടച്ച് ആഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങുന്നത്.

ABOUT THE AUTHOR

...view details