പത്തനംതിട്ട: പൊലീസ് ഡാൻസാഫ് സംഘത്തിന്‍റെയും പുളിക്കീഴ് പൊലീസിന്‍റെയും സംയുക്ത നീക്കത്തിൽ വൻ തോതിൽ നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി. തിരുവല്ല പൊടിയാടിയിൽ നിന്ന് മിനി ലോറിയിൽ കടത്തിയ 30 ലക്ഷത്തോളം രൂപ വില കണക്കാക്കുന്ന പുകയില ഉത്‌പന്നങ്ങളാണ് പിടികൂടിയത്. വാഹനത്തിന്‍റെ ഡ്രൈവറും സഹായിയുമടക്കം രണ്ട് പേർ പിടിയിലായി.
പത്തനംതിട്ടയില്‍ ലഹരി വേട്ട മംഗലാപുരം സ്വദേശികളായ റഫീഖ് മുഹമ്മദ്, സിറാജുദീൻ എന്നിവരാണ് അറസ്റ്റിലായത്. റഫീഖ് ആണ് വണ്ടി ഓടിച്ചിരുന്നത്. ജില്ല ഡാൻസാഫ് സംഘവും, പുളിക്കീഴ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്ന്(17.09.2022) വെളുപ്പിന് 3 മണിക്ക് ഇവരെ പിടികൂടുകയായിരുന്നു. 65 ചാക്കുകളിലായി സൂക്ഷിച്ച ഹാൻസ് പായ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്.
നിർമാണ സാമഗ്രികൾ എന്ന് തോന്നും വിധത്തിൽ പലകകൾക്ക് അടിയിൽ കറുത്ത ടാർപൊളിൻ ഷീറ്റു കൊണ്ട് മൂടിയ നിലയിലാണ് ചാക്കുകെട്ടുകൾ ഒളിപ്പിച്ചിരുന്നത്. വാർക്കപ്പണിക്കുള്ള ഉരുപ്പടികൾ നിരത്തിയ മിനിലോറിയുടെ ബോഡിയിൽ മുകളിലേക്ക് തട്ട് അടിച്ച നിലയിലായിരുന്നു. തട്ടുരുപ്പടികൾ കൊണ്ടുപോകുന്നു എന്ന വ്യാജേന പുകയില ഉത്‌പന്നങ്ങള്‍ വിദഗ്‌ധമായി കടത്തികൊണ്ടുവന്ന വാഹനത്തെപ്പറ്റി ജില്ല പൊലീസ് മേധാവിയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
കർണാടകയിൽ നിന്നും കടത്തി കൊണ്ടുവന്നതാണെന്ന് സൂചനയുണ്ട്. ലഹരിമരുന്നുകളുടെ ഉപയോഗവും വില്‍പനയും കടത്തും തടയുന്നതിന് പൊലീസിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച 'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായാണ് നടപടി. ലഹരി വസ്‌തുക്കൾക്ക് എതിരായ പരിശോധനകളും നടപടികളും തുടരുമെന്നും, കുറ്റവാളികളെ ശിക്ഷിക്കുമെന്നും ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് അറിയിച്ചു.
ജില്ലയിൽ ഇവയുടെ വില്‍പന നടത്തുന്നവരെയും, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കച്ചവടം ചെയ്യുന്നവരെയും നിരീക്ഷിക്കുന്നതിനും, കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.