രണ്ടാം പ്രതിയും പൊലീസ് പിടിയിൽ പത്തനംതിട്ട :തിരുവല്ല കുന്നന്താനത്തുള്ള വീട്ടിൽ നിന്നും സ്‌കൂട്ടറും സ്വർണവും പണവും കവർന്ന കേസിലെ കൂട്ടുപ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം മണമ്പൂർ പെരുംകുളം സ്വദേശി മുഹമ്മദ് യാസീനാണ് (22) വെള്ളിയാഴ്‌ച രാത്രി 11 മണിയോടെ കീഴ്‌വായ്‌പൂർ പൊലീസിന്‍റെ പിടിയിലായത്. കേസിലെ മുഖ്യപ്രതി കണ്ണപ്പൻ എന്നുവിളിക്കുന്ന രതീഷിനെ (35) നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
കുന്നന്താനം പാമല സ്വദേശി ശരത് പെരുമാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. പ്രതികൾ വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും മുറ്റത്തിരുന്ന സ്‌കൂട്ടറും മോഷ്‌ടിച്ച് കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ മാസം 13ന് രാത്രി എട്ട് മണിക്കും പിറ്റേന്ന് 06.45നുമിടയിലുമാണ് മോഷണം നടത്തിയത്.
വീടിന്‍റെ അടുക്കളവാതിൽ തകർത്ത് ഉള്ളിൽ കയറിയ പ്രതികൾ അലമാരയിൽ സൂക്ഷിച്ച 28,000 രൂപയും 1,12,000 വിലവരുന്ന 20.50 ഗ്രാം സ്വർണാഭരണങ്ങളും മോഷ്‌ടിച്ചു. കൂടാതെ, വീട്ടുമുറ്റത്തിരുന്ന 70,000 രൂപ വില വരുന്ന സ്‌കൂട്ടറും മോഷ്‌ടിച്ചു. കേസിലെ
ഒന്നാം പ്രതി ആറ്റിങ്ങൽ കിഴുവല്ലം സ്വദേശിയായ രതീഷിന്‍റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ്, സുഹൃത്തും കൂട്ടുപ്രതിയുമായ യാസീനെ വീടിനു സമീപത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
തിരുവനന്തപുരം കടയ്ക്കാവൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത മോഷണക്കേസിലും രതീഷിനൊപ്പം കൂട്ടുപ്രതിയാണ് ഇയാൾ. ശാസ്ത്രീയ അന്വേഷണ സംഘത്തിന്‍റെയും വിരലടയാള വിദഗ്‌ധരുടെയും ഡോഗ് സ്‌ക്വാഡിന്‍റെയും സഹായത്തോടെ തെളിവുകൾ ശേഖരിച്ച് കീഴ്വായ്‌പ്പൂർ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. രണ്ടാം പ്രതിയുടെ വിരലടയാളം എടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ഇനിയും ഈ കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നുള്ള കാര്യം അന്വേഷിച്ച് വരികയാണ്. കൂടാതെ, കവർച്ച ചെയ്യപ്പെട്ട സ്വർണവും പണവും കണ്ടെടുക്കേണ്ടതുണ്ട്. കടയ്ക്കാവൂർ സ്റ്റേഷനിലെ മോഷണക്കേസിന് പുറമെ, കഞ്ചാവ് കേസിലെയും പ്രതിയാണ് യാസീൻ. കീഴ്വായ്പ്പൂർ പൊലീസ് ഇൻസ്‌പെക്‌ടർ വിപിൻ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള
അന്വേഷണ സംഘമാണ് പ്രിതകളെ പിടികൂടിയത്. എസ്ഐമാരായ ആദർശ്, സുരേന്ദ്രൻ, എഎസ്ഐ ഉണ്ണികൃഷ്‌ണൻ, എസ് സിപിഒ അൻസിം, സിപിഒമാരായ രതീഷ്, വിഷ്‌ണു, വരുൺ, ഇർഷാദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
മോഷ്‌ടിച്ച സ്‌കൂട്ടറിൽ കറങ്ങുന്നതിനിടെ ഒന്നാം പ്രതി പൊലീസ് പിടിയിൽ : രതീഷിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. മോഷ്‌ടിച്ച സ്‌കൂട്ടറിൽ കറങ്ങി നടന്ന ഇയാളെ തിരുവനന്തപുരത്ത് നിന്നും കീഴ്‌വായ്‌പ്പൂർ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾ മോഷ്‌ടിച്ച സ്‌കൂട്ടർ ചിതറ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
2021ൽ ഏനാത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത മോഷണക്കേസ് ഉൾപ്പെടെ നിരവധി കവർച്ച കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രതീഷിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽ ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരായ അതിക്രമം, ലഹളയുണ്ടാക്കൽ, വധശ്രമം, മാരകായുധം ഉപയോഗിക്കൽ, സ്ഫോടക വസ്‌തുക്കൾ ഉപയോഗിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരുന്നു.
Also read :മോഷ്‌ടിച്ച സ്‌കൂട്ടറിൽ പത്തനംതിട്ട മുതൽ തിരുവനന്തപുരം വരെ കറക്കം, വിവിധ കേസുകളിലെ പ്രതി ഒടുവിൽ പൊലീസ് പിടിയൽ