സ്‌കൂളുകൾ അണുവിമുക്തമാക്കി അഗ്‌നിശമനസേന
ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, സ്‌കൂള്‍ വരാന്തകള്‍ ഉള്‍പ്പെടെ സ്‌കൂളും പരിസരവും പൂര്‍ണമായും അണുവിമുക്തമാക്കി.
പത്തനംതിട്ട:എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾക്ക് മുന്നോടിയായി സ്‌കൂളുകള്‍ ശുചീകരിക്കുന്നതിന്‍റെ ഭാഗമായി പത്തനംതിട്ട തൈക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ മേല്‍നോട്ടത്തില്‍ അഗ്‌നിശമനസേന അണുവിമുക്തമാക്കി. ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, സ്‌കൂള്‍ വരാന്തകള്‍ ഉള്‍പ്പെടെ സ്‌കൂളും പരിസരവും പൂര്‍ണമായും അണുവിമുക്തമാക്കി. രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു തരത്തിലുള്ള ആശങ്കയുമില്ലാതെ പരീക്ഷകള്‍ക്ക് എത്താനുള്ള എല്ലാ സജ്ജീകരണങ്ങളും സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
മാസ്‌കുകള്‍, സാനിട്ടൈസര്‍, ഗ്ലൗസുകള്‍ എന്നിങ്ങനെ എല്ലാ ക്രമീകരണങ്ങളും സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു. പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഫയര്‍ ആന്‍റ് റെസ്‌ക്യൂ സംഘമാണ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്.