പത്തനംതിട്ട:ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നാട് അടച്ചിടപ്പെട്ടപ്പോള്‍ ഗൗരവ സ്വഭാവമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായതായി പൊലീസ് കണക്കുകള്‍. പത്തനംതിട്ട ജില്ലയിൽ കൊലപാതകം, വധശ്രമം, കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ എന്നീ കുറ്റകൃത്യങ്ങളില്‍ ഇക്കാലയളവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു.
ലോക്ക്ഡൗണ്‍ കാലയളവില്‍ മേയ് ആറു മുതല്‍ ഈ മാസം ആറു വരെയുള്ള കാലയളവിലും, തൊട്ടുമുമ്പുള്ള ഒരുമാസക്കാലവും ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ടായ കേസുകളുടെ താരതമ്യ പഠനം നടത്തിയപ്പോഴാണ് പല കേസുകളിലും കുറവ് കണ്ടത്. കവര്‍ച്ച, മോഷണം, വാഹനമോഷണം വിശ്വാസവഞ്ചന, കഠിന ദേഹോപദ്രവം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വലിയ തോതില്‍ കുറവുണ്ടായി.
റേഡ് അപകടങ്ങളിലും കുറവ്
വാഹന ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാരണം റോഡ് അപകടങ്ങളുടെ എണ്ണത്തിലും വന്‍ കുറവുണ്ടായി. അപകടകരമായി വാഹനമോടിച്ചതിന് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത് 58 കേസുകള്‍ മാത്രമാണ്. എന്നാല്‍ മുന്‍മാസം 7 ഇരട്ടിയിലധികമായിരുന്നു കേസുകള്‍. മരണകാരണമാകും വിധമുള്ള ഡ്രൈവിങിന് ഒരു കേസ് മാത്രമാണ് ലോക്ക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. മുന്‍പത്തെ മാസം ഇത് 11 ആയിരുന്നു.