കേരളം

kerala

ETV Bharat / state

തങ്ക അങ്കി ഘോഷയാത്ര തിങ്കളാഴ്‌ച സന്നിധാനത്ത്; മണ്ഡലപൂജ 27ന്

തങ്ക അങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്ര നാളെ (ഡിസംബർ 26) വൈകിട്ട് സന്നിധാനത്ത് എത്തും.

Thanka anki procession will reach sabarimala  Thanka anki procession  Thanka anki procession at sannidhanam  തങ്ക അങ്കി ഘോഷയാത്ര  തങ്ക അങ്കി ഘോഷയാത്ര തിങ്കളാഴ്‌ച സന്നിധാനത്ത്  മണ്ഡലപൂജ 27ന്  തങ്ക അങ്കി  ശബരിമല  ശബരിമല വാർത്ത  sabarimala  sabarimala news
തങ്ക അങ്കി ഘോഷയാത്ര

By

Published : Dec 25, 2022, 9:58 PM IST

പത്തനംതിട്ട: കലിയുഗ വരദന് ചാർത്താനുള്ള തങ്ക അങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്ര തിങ്കളാഴ്‌ച (ഡിസംബർ 26) വൈകിട്ട് സന്നിധാനത്ത് എത്തും. വൈകിട്ട് 5.30ന് ശരംകുത്തിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ ഘോഷയാത്രയെ ആചാരപൂർവം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും.

ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്. എസ്. ജീവൻ, ദേവസ്വം കമ്മീഷണർ ബി. എസ്. പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം. മനോജ് തുടങ്ങിയവർ ചേർന്ന് പതിനെട്ടാം പടിക്ക് മുകളിലായി കൊടിമരത്തിന് മുന്നിൽ വച്ച് ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്ക അങ്കിയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും.

തങ്ക അങ്കി ഘോഷയാത്ര നാളെ സന്നിധാനത്ത്:തുടർന്ന് തങ്ക അങ്കി സോപാനത്തിൽ വച്ച് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടു പോകും. ശേഷം 6.35ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും. പിന്നീട് ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പ സ്വാമിയെ ദർശിക്കാം.

ഡിസംബർ 26ന് രാത്രി 9.30 നാണ് അത്താഴപൂജ. രാത്രി 11.20 ന് ഹരിവരാസനം പാടി 11.30 ന് ക്ഷേത്ര നട അടയ്ക്കും. ഡിസംബർ 27ന് പുലർച്ചെ മൂന്നിന് നട തുറക്കും.

മകരവിളക്ക് ജനുവരി 14 ന്: തുടർന്ന് അഭിഷേകവും പതിവ് പൂജയും നടക്കും. ഡിസംബർ 27ന് ഉച്ചക്ക് 12.30 നും ഒരു മണിക്കും മധ്യേയുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചാൽ വൈകുന്നേരം വീണ്ടും നട തുറക്കും. ഡിസംബർ 27ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകുന്നേരം അഞ്ചിന് തുറക്കും. 2023 ജനുവരി 14നാണ് മകരവിളക്ക്.

മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും ഡിസംബർ 23 ന് രാവിലെ ഏഴ് മണിക്കാണ് പുറപ്പെട്ടത്. തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡലപൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി.

READ MORE:തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു

ഭക്തിസാന്ദ്രമായി കർപ്പൂരാഴി ഘോഷയാത്ര:അതേസമയം ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി ശനിയാഴ്‌ച സന്നിധാനത്തു സേവനമുനഷ്‌ഠിക്കുന്ന പൊലീസ് സേന ഉദ്യോഗസ്ഥരുടെ കർപ്പൂരാഴി ഘോഷയാത്ര നടന്നു. ദീപാരാധനയ്ക്ക് ശേഷം 6.35ന് കൊടിമരത്തിന് താഴെ ക്ഷേത്ര തന്ത്രി കണ്‌ഠര് രാജീവര് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു. തുടർന്നു പുലിവാഹനമേറിയ അയ്യപ്പന്‍റെയും ദേവതകളുടേയും കാവടിയാട്ടത്തിന്‍റെയും വിളക്കാട്ടത്തിന്‍റെയും മയിലാട്ടത്തിന്‍റെയും അകടമ്പടിയോടെ ആരംഭിച്ച കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധിയിലും തുടർന്ന് നടപ്പന്തലിലും എത്തി.

പൊലീസ് സേനയുടെ ഘോഷയാത്ര: പതിനെട്ടാം പടിയ്ക്കുതാഴെ ഘോഷയാത്ര സമാപിച്ചു. പുലിപ്പുറത്തേറിയ മണികണ്‌ഠൻ, പന്തളരാജാവ്, വെളിച്ചപ്പാട്, വാവർ സ്വാമി, പരമശിവൻ, പാർവതി, സുബ്രഹ്മണ്യൻ, ഗണപതി, മഹിഷി, ഗരുഡൻ തുടങ്ങിയ ദേവതാവേഷങ്ങളും വാദ്യമേളങ്ങളും വർണക്കാവടികളും അണിനിരന്ന ഘോഷയാത്ര വൈകിട്ട് സന്നിധാനത്തു തടിച്ചുകൂടിയ ഭക്തസഹസ്രങ്ങൾക്ക് ഉത്സവക്കാഴ്‌ചയായി.

സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫിസർ ആർ. ആനന്ദ്, അസിസ്റ്റന്‍റ് സ്‌പെഷൽ ഓഫീസർ പി. നിതിൻ രാജ്, ഡിവൈ.എസ്.പിമാരായ സി.പി. അശോകൻ, പി.കെ. ശിവൻകുട്ടി, കെ.ഐ. സജിമോൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരാണ് ഘോഷയാത്രയിൽ പങ്കെടുത്തത്.

ABOUT THE AUTHOR

...view details