പത്തനംതിട്ട: സന്നിധാനത്ത് ശരണം വിളികളുടെ അകമ്പടിയില്‍ അയ്യപ്പ സ്വാമിയ്ക്ക് തങ്ക അങ്കി ചാർത്തി മഹാദീപാരാധന നടന്നു. തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന തൊഴുത് ഭക്തസാഗരം ദർശന പുണ്യം നേടി.
ഡിസംബര്‍ 22ന് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ശനിയാഴ്‌ച വൈകീട്ട് 5.15 ഓടെ ശരംകുത്തിയില്‍ എത്തി. ഇവിടെവച്ച് ദേവസ്വം ബോർഡ് ജീവനക്കാർ ആചാരപ്രകാരമുള്ള സ്വീകരണം നൽകി വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് വരവേറ്റു.
6.25 ന് പതിനെട്ടാം പടി കയറ്റി കൊണ്ടുവന്ന തങ്ക അങ്കിയെ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍, ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ, ബോർഡ് അംഗങ്ങളായ പി.എം തങ്കപ്പൻ,അഡ്വ. മനോജ് ചരളേൽ, ദേവസ്വം വകുപ്പ് സെക്രട്ടറി ജ്യോതിലാൽ, ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, കോട്ടയം ജില്ല കലക്‌ടര്‍ ഡോ. പി.കെ ജയശ്രീ, എഡിജിപി എസ് ശ്രീജിത്ത് എന്നിവർ ചേർന്ന് വരവേറ്റു.