ശബരിമല:ഭക്തിനിർഭരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. രാവിലെ പെരുനാട്ടിൽ നിന്ന് ഘോഷയാത്ര രാവിലെ പമ്പയിലേക്ക് പുറപ്പെട്ടു. വൈകുന്നേരം ആറ് മണിയോടു കൂടി സന്നിധാനത്ത് എത്തുന്ന തങ്ക അങ്കി മേൽശാന്തിയും തന്ത്രിയും ചേർന്നാണ് ഏറ്റുവാങ്ങുക. തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന ദർശിക്കുവാൻ അയ്യപ്പന്മാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്നാണ് രഥഘോഷയാത്ര സന്നിധാനത്തേയ്ക്ക് പുറപ്പെട്ടത്.
തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത് - reach today at Sannidhanam
ഇലവുങ്കൽ, നിലയ്ക്കൽ, ചാലക്കയം വഴി 12:30യോടു കൂടിയാണ് തങ്ക അങ്കി പമ്പയിൽ എത്തിച്ചേരുക
ഇലവുങ്കൽ, നിലയ്ക്കൽ, ചാലക്കയം വഴി 12:30യോടു കൂടിയാണ് തങ്ക അങ്കി പമ്പയിൽ എത്തിച്ചേരുക. പമ്പ ത്രിവേണിയിൽ ദേവസ്വം ബോർഡ്, അയ്യപ്പസേവ സംഘം പ്രതിനിധികൾ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകും. തുടർന്ന് പമ്പ ഗണപതി കോവിലിൽ ഭക്തർക്ക് ദർശനത്തിനും പറ വഴിപാട് സമർപ്പിക്കുന്നതിനുമുള്ള അവസരമുണ്ടാകും. മൂന്ന് മണിയോടു കൂടി തിരികെ പേടകത്തിലാക്കുന്ന തങ്ക അങ്കി സന്നിധാനത്തേയ്ക്ക് പുറപ്പെടും. അയ്യപ്പ സേവാ സംഘത്തിലെ എട്ട് അംഗങ്ങളാണ് പേടകം ചുമന്ന് സന്നിധാനത്തെത്തിക്കുന്നത്. അഞ്ച് മണിയോടു കൂടി ശരംകുത്തിയിലെത്തുന്ന പേടകത്തെ ശ്രീകോവിലിൽ പൂജിച്ച മാലകൾ ചാർത്തി ദേവസ്വം അധികൃതർ സ്വീകരിക്കും.
ഇരുമുടിക്കെട്ടില്ലെങ്കിലും തങ്ക അങ്കിയോടൊപ്പം പതിനെട്ടാം പടി ചവിട്ടുന്നതിനുള്ള അനുജ്ഞ തന്ത്രിയിൽ നിന്നും സ്വീകരിച്ചാണ് ദേവസ്വം അധികൃതർ പേടകം സ്വീകരിക്കാൻ യാത്രയാകുന്നത്. ശരംകുത്തിൽ വാദ്യമേളങ്ങളുടെയും ശരണം വിളികളുടെയും അകമ്പടിയോടെ തങ്കി അങ്കിയെ സ്വീകരിച്ച് സന്നിധാനത്തേയ്ക്ക് ആനയിക്കും. പതിനെട്ടാം പടി കടന്ന് സോപാനത്തിലെത്തുന്ന തങ്ക അങ്കിയെ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി. സന്ധ്യാ ദീപാരാധനയ്ക്ക് ശബരീശന് ചാർത്താനായി ശ്രീകോവിലിനുള്ളിലേയ്ക്ക് കൊണ്ടുപോകും. സായുധ പൊലീസിൻ്റെ പ്രത്യേക അകമ്പടി ഘോഷയാത്ര ഉടനീളമുണ്ടാകും. തങ്ക അങ്കി ഘേഷയാത്രയുടെയും മണ്ഡല പൂജയുടെയും ഭാഗമായി പൊലീസ് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.