പത്തനംതിട്ട : നാളെ (ഡിസംബർ 26) തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ശബരിമലയിൽ പൂജ സമയക്രമത്തിൽ മാറ്റം വരുത്തിയ സാഹചര്യത്തിൽ ഭക്തരെ നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നാളെ ഉച്ചപൂജയ്‌ക്ക് ശേഷം വൈകീട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുക. അതിനാൽ നാളെ രാവിലെ 11 മണിക്ക് മുൻപായി നിലയ്‌ക്കൽ എത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളെ മാത്രമേ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ (Thanga Anki Procession Traffic control tomorrow).
11 മണി കഴിഞ്ഞ് എത്തുന്നവർക്ക് മൂന്ന് മണിക്കൂർ എങ്കിലും നിലയ്‌ക്കലില്‍ തന്നെ തുടരേണ്ടി വരും എന്ന് പൊലീസ് വ്യക്തമാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. സാധാരണ ഉച്ചപൂജയ്‌ക്ക് ശേഷം മൂന്നുമണിക്കാണ് ശബരിമല നട തുറക്കാറ്. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് നട തുറക്കുന്നത് വൈകി ആക്കിയ സാഹചര്യത്തിൽ സന്നിധാനത്തേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണ് നിലയ്‌ക്കലില്‍ ഏർപ്പെടുത്തുന്ന ക്രമീകരണം.
മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ഇന്നലെ രാവിലെയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടത് (Thanga Anki Procession started from Aranmula). രാവിലെ അഞ്ചുമുതൽ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തിൽ തങ്ക അങ്കി പൊതുജനങ്ങൾക്ക് ദർശിക്കാൻ അവസരം ഒരുക്കിയിരുന്നു. തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി.