പത്തനംതിട്ട:ആറന്മുള ഇടയാറൻമുളയിൽ വിദ്യാർഥി നിയെ വടികൊണ്ട് അടിച്ച അധ്യാപകനെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്‌തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തില്‍ എഇഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
അധ്യാപകർക്ക് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കേസ് ഇങ്ങനെ:പഠിപ്പിച്ച കണക്ക് നോട്ട് ബുക്കിൽ എഴുതാത്തതിന് വിദ്യാർഥിനിയെ ചൂരൽ കൊണ്ട് തല്ലിയെന്ന പരാതിയിലാണ് അധ്യാപകൻ അറസ്‌റ്റിലായത്. ആറന്മുള പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഇടയാറന്മുള എരുമക്കാട് ഗുരുക്കൻകുന്ന് ദൈവത്താൽ മെമ്മോറിയൽ ഗവൺമെന്‍റ് എൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിക്കാണ് അധ്യാപകന്‍റെ മർദനമേറ്റത്. തിങ്കളാഴ്‌ച (24.06.2023) ഉച്ചക്ക് രണ്ട് മണിക്ക് ശേഷം ക്ലാസ് മുറിയിലായിരുന്നു സംഭവം.
മെഴുവേലി ആലക്കോട് കാഞ്ഞിരംകുന്നിൽ ബിനോജ് കുമാറാണ് ആറന്മുള പൊലീസിന്‍റെ പിടിയിലായത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പിന് പുറമെ ബാലനീതി നിയമത്തിലെ 82(I) വകുപ്പും ചേർത്താണ് കേസെടുത്തത്. ബുക്കിൽ എഴുതാത്തതിനാൽ കുട്ടിയെ തറയിലിരുത്തി, തുടർന്ന് ഇയാള്‍ എഴുതാൻ ആവശ്യപ്പെട്ടു.
അപ്പോഴും എഴുതാതിരുന്നപ്പോഴാണ്, മേശയുടെ ഡ്രോയറിൽ നിന്നും ചൂരലെടുത്ത് വിദ്യാര്‍ഥിയെ അടിച്ചത്. കുട്ടിയുടെ ഇരു കൈകളിലും, കൈത്തണ്ടയിലും, ഇടതുകൈപ്പത്തിക്ക് പുറത്തും അടിയേറ്റ് ചുവന്നിരുന്നു.
കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത ആറന്മുള പൊലീസ്, അധ്യാപകന് നോട്ടീസ് അയച്ചു സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന്, ഇന്ന് രാവിലെ സ്‌റ്റേഷനിലെത്തിയ ബിനോജിനെ പൊലീസ് ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതം നടത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്‌റ്റ് രേഖപ്പെടുത്തിയത്.
വിദ്യാര്‍ഥിയുടെ ആത്മഹത്യ അധ്യാപകന്‍ ശകാരിച്ചതിനെ തുടര്‍ന്ന്: അതേസമയം, അടുത്തിടെ പരീക്ഷയ്‌ക്ക് കോപ്പിയടിച്ചത് അധ്യാപകന്‍ കണ്ടെത്തിയതില്‍ മനംനൊന്ത് അപ്പാര്‍ട്‌മെന്‍റ് കെട്ടിടത്തിന്‍റെ 14-ാം നിലയില്‍ നിന്നും ചാടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു. കര്‍ണാടകയിലെ സംപിഗേഹള്ളിയിലായിരുന്നു സംഭവം. നൂര്‍ നഗര്‍ ലേഔട്ടില്‍ താമസിക്കുന്ന മുഹമ്മദ് നൂര്‍, നോഹേറ ദമ്പതികളുടെ മകന്‍ മോഹിന്‍ ഖാനായിരുന്നു(15) ആത്മഹത്യ ചെയ്‌തത്.