പത്തനംതിട്ട : ശബരിമലയിൽ സഹായഹസ്‌തവുമായി തമിഴ്‌നാട് സർക്കാർ. അയ്യപ്പഭക്തർക്ക് നൽകാനായി 10 ലക്ഷം ബിസ്‌കറ്റ് പാക്കറ്റുകളാണ് തമിഴ്‌നാട് ദേവസ്വം ഡിപ്പാർട്ട്മെന്‍റ് ശബരിമല സന്നിധാനത്തേക്ക് കൊണ്ടുവരുന്നത് (Tamil Nadu Govt bought 10 lakh biscuit packets at Sabarimala). ബിസ്‌കറ്റ് ബോക്‌സുകൾ നിറച്ചുള്ള കണ്ടെയ്‌നറിന്‍റെ ഫ്ലാാഗ് ഓഫ് തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു ചെന്നൈയിൽ നിർവഹിച്ചു. അയ്യപ്പഭക്തർക്ക് വേണ്ട എല്ലാ സഹായവും തമിഴ്‌നാട് ദേവസ്വം മന്ത്രി വാഗ്‌ദാനം ചെയ്‌തതായി ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്.
ശബരിമല അയ്യപ്പ സ്വാമി ദർശനത്തിന് എത്തിച്ചേരുന്ന അയ്യപ്പൻമാർക്ക് വിതരണം ചെയ്യുന്നതിന് 10 ലക്ഷം പാക്കറ്റ് ബിസ്ക്കറ്റാണ് തമിഴ്‌നാട് സർക്കാർ ദേവസ്വം ഡിപ്പാർട്ട്മെന്‍റ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറുന്നത്. ശബരിമലയിലേക്ക് നൽകുന്നതിന് നാല് കണ്ടെയ്‌നറുകളിലായി 10 ലക്ഷം ബിസ്ക്കറ്റ് പാക്കറ്റുകൾ പമ്പയിലെത്തിക്കും. ശബരിമലയിലേക്കുള്ള ബിസ്ക്കറ്റ് ബോക്‌സുകൾ നിറച്ച ആദ്യ കണ്ടെയ്‌നറാണ് തമിഴ്‌നാട് ദേവസ്വം മന്ത്രിയും അയ്യപ്പ ഭക്തനുമായ പി കെ ശേഖർ ബാബു ചെന്നൈയിൽ ഫ്ലാഗ് ഓഫ് ചെയ്‌തത്.
തമിഴ്‌നാട് ദേവസ്വം കമ്മിഷണർ മുരളീധരൻ, ദേവസ്വത്തിലെ മറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശേഷം ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തുമായി ഫോണിൽ ആശയ വിനിമയം നടത്തി. എല്ലാ മാസവും മുടക്കം വരുത്താതെ ശബരിമല അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരുന്ന ദേവസ്വം മന്ത്രി ശേഖർ ബാബു അയ്യപ്പഭക്തർക്ക് വേണ്ട എല്ലാ സഹായവും ചെയ്യാമെന്ന് വാഗ്‌ദാനം നൽകിയതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു.