പത്തനംതിട്ട: എൺപത് കാലഘട്ടത്തിൽ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഓപ്പോളിന് ലഭിച്ച സംസ്ഥാന പുരസ്‌കാര ശില്പം ആക്രിക്കടയിൽ നിന്നും കണ്ടെത്തി. ഓപ്പോളിന്‍റെ നിർമാതാവ് റോസമ്മ ജോർജിനു ലഭിച്ച പുരസ്കാരമാണ് റാന്നിയിലെ ഒരു ആക്രികടയിലെത്തിയത്.
#Exclusive: സൂപ്പർ ഹിറ്റ് ചിത്രം 'ഓപ്പോളിന്‍റെ' സംസ്ഥാന പുരസ്‌കാരം ആക്രികടയിൽ പുരസ്‌കാരം ഏതു സാഹചര്യത്തിലാണ് ആക്രിക്കടയിലെത്തിയതെന്ന് വ്യക്തമല്ല. പുരാവസ്തുക്കൾ ശേഖരിക്കുന്ന റാന്നിയിലെ പഞ്ചായത്ത് അംഗം കൂടിയായ ജോർജ് കുട്ടിയ്ക്കാണ് ആക്രികടയിൽ നിന്നും വെങ്കലത്തിൽ തീർത്ത ശില്പം ലഭിച്ചത്.
ജോർജ് കുട്ടി ഇക്കാര്യം തന്‍റെ സുഹൃത്തായ ശിലാ സന്തോഷിനെ അറിയിക്കുകയും പുരസ്‌കാരം ജോർജ് കുട്ടിയിൽ നിന്ന് ശില്പിയും പ്രശസ്‌ത പുരാവസ്‌തു ഗവേഷകനുമായ ശിലാ സന്തോഷ് തന്‍റെ ശിലാ മ്യൂസിയത്തിലേക്ക് ഏറ്റുവാങ്ങി. ചിത്രത്തിന്‍റെ പേര്, നിർമാതാവ് റോസമ്മ ജോർജിന്‍റെ പേര് എന്നിവ പുരസ്കാര ശില്പത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുരസ്കാരം എങ്ങനെ ആക്രിക്കടയിൽ എത്തിയെന്നത് സംബന്ധിച്ച അന്വേഷണത്തിലാണ് ശിലാ സന്തോഷ്.
ജെ എം ജെ ആർട്സിന്‍റെ ബാനറിൽ റോസമ്മ ജോർജ് നിർമിച്ച ഓപ്പോൾ നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. മികച്ച ചിത്രം, മികച്ച സംവിധയകൻ, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയ ഓപ്പോൾ രണ്ടാമത്തെ മികച്ച ചിത്രം, മികച്ച നടൻ, മികച്ച ബാലതാരം, മികച്ച ഗായിക എന്നിവയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിരുന്നു. ദേശീയ പുരസ്കാരം കിട്ടിയ വാർത്ത അന്നത്തെ പത്രങ്ങളുടെ പ്രധാന വാർത്തയായിരുന്നു. 'ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് ' എന്ന ഗാനത്തിനാണ് എസ് ജാനകിയ്ക്ക് പുരസ്കാരം ലഭിച്ചത്.
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ ചിത്രമാണ് ഓപ്പോൾ. ബാലൻ കെ. നായർ, മേനക, മാസ്റ്റർ അരവിന്ദ്, ശങ്കരാടി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. എം.ടി. 1975ൽ ഇതേ പേരിൽ എഴുതിയ ഒരു ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. പി. ഭാസ്കരൻ മാസ്റ്ററുടെ വരികൾക്ക് എം.ബി. ശ്രീനിവാസൻ സംഗീതം നൽകിയ നാല് ഗാനങ്ങൾ യേശുദാസും എസ് ജാനകിയും ചേർന്നാണ് ആലപിച്ചത്. ഛായാഗ്രഹണം മധു അമ്പാട്ടും ചിത്രസംയോജനം ടി.ആർ. ശ്രീനിവാസലുവും നിർവഹിച്ചു. ഏയ്ഞ്ചൽ ഫിലിംസായിരുന്നു ചിത്രത്തിന്‍റെ വിതരണം.