പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിന് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്നും സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാണെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്. മണ്ഡലത്തിലെ 212 പോളിങ് ബൂത്തുകളില്‍ 22 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. കൂടാതെ, നാല് പ്രശ്‌നസാധ്യതാ ബൂത്തുകളും മണ്ഡലത്തിലുണ്ട്. ഈ ബൂത്തുകളില്‍ സാധാരണ സുരക്ഷാ ചുമതലക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഒരു പൊലീസുകാരനെകൂടി അധികമായി നിയോഗിക്കും.
കോന്നി ഉപതെരഞ്ഞെടുപ്പ്; സുരക്ഷ ശക്തമാക്കി പൊലീസ്
കോന്നി മണ്ഡലത്തിൽ 681 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. ഇതുകൂടാതെ 30 കേന്ദ്ര സേനാംഗങ്ങളെയും 160 സായുധ സേനാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് അറിയിച്ചു.
ഡിവൈഎസ്‌പി, സിഐ, എസ്ഐ ഉള്‍പ്പെടെ കോന്നിയില്‍ മൊത്തം 681 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. 30 കേന്ദ്ര സേനാംഗങ്ങളെയും 160 സായുധ സേനാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയുടെ നാല് പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് പട്രോളിങ് നടത്തുക. കൗണ്ടിങ് സെന്‍ററില്‍ ഫസ്റ്റ് ഗാര്‍ഡില്‍ കേന്ദ്ര സേനയുടെ സിഐഎസ്എഫ് ആണ് സുരക്ഷക്കായുള്ളത്. രണ്ടാം ശ്രേണിയില്‍ കേരള സായുധ സേനയും മൂന്നാം ശ്രേണിയില്‍ ലോക്കല്‍ പൊലീസും സുരക്ഷയൊരുക്കും. പ്രചാരണത്തിന്‍റെ അവസാന ദിവസം കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ പാര്‍ട്ടികളുമായി ധാരണയിലെത്തിയിട്ടുണ്ട്. ആറു മണിക്ക് പ്രകടനം അവസാനിപ്പിക്കാൻ നിര്‍ദേശവും നല്‍കി. കൂടാതെ ജെസിബി, ലോറി പോലെയുള്ള വലിയ വാഹനങ്ങള്‍ പ്രചാരണത്തിൽ നിന്നും ഒഴിവാക്കാണമെന്ന് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാവണം കൊട്ടിക്കലാശമെന്നുള്ള കര്‍ശന നിര്‍ദ്ദേശമുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയെ അടൂര്‍, പത്തനംതിട്ട, തിരുവല്ല, ചിറ്റാര്‍, കോന്നി എന്നിങ്ങനെ അഞ്ച് സബ് ഡിവിഷനുകളായാണ് തരം തിരിച്ചിരിക്കുന്നത്. എല്ലാ സബ് ഡിവിഷനുകളിലും സ്ട്രൈക്കിങ് ഫോഴ്‌സിനെയും നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലും നൂറു പേരടങ്ങുന്ന സ്ട്രൈക്കിങ് ഫോഴ്‌സുണ്ടാകും. അടിയന്തര ഘട്ടത്തില്‍ പൊലീസ് മേധാവിയുടെ കീഴിലുള്ള സ്ട്രൈക്കിങ് ഫോഴ്‌സിനെ വിവിധ കേന്ദ്രങ്ങളിലേക്ക് അയക്കാനും തീരുമാനമുണ്ട്. 24 വരെ കോന്നി മണ്ഡലം പൂര്‍ണമായും പൊലീസ് സുരക്ഷയിലായിരിക്കുമെന്നും ജി. ജയദേവ് അറിയിച്ചു.