പത്തനംതിട്ട:ജില്ലയിലെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ പരിശോധന നടത്തി ഈ മാസം ഇരുപത്തിയഞ്ചിന് വൈകിട്ട് അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ പി.ബി.നൂഹ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വയനാട്ടില്‍ ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിക്കാനിടയായ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് കലക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ സ്കൂളുകളിൽ കർശന പരിശോധന - latest malayalm news updates
സ്കൂളുകളിൽ പരിശോധന നടത്തി ഈ മാസം ഇരുപത്തിയഞ്ചിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാഭരണാകൂടത്തിന്‍റെ നിർദേശം
ജില്ലയിലെ എല്ലാ അംഗന്‍വാടികളിലും മതിയായ സുരക്ഷയും അനുബന്ധ ക്രമീകരണങ്ങളും ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് വനിതാ-ശിശു വികസന വകുപ്പിനും കലക്ടര്‍ നിര്‍ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അതത് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും സുരക്ഷാ പരിശോധന നടത്തണമെന്നും ആവശ്യമായ അറ്റകുറ്റപണികള്‍ വേഗത്തിൽ പൂർത്തിയാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും ഡി.എം.ഒ അടങ്ങുന്ന സംഘം പരിശോധിച്ച് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.