പത്തനംതിട്ട: ജില്ലയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടന്ന കേരള സംസ്ഥാന കമ്മിഷന്‍ ജില്ലാ അദാലത്തില്‍ നിരവധി കേസുകള്‍ തീര്‍പ്പാക്കി. അദാലത്തില്‍ പരിഗണിച്ച 16 കേസുകളില്‍ പത്ത് കേസുകള്‍ തീര്‍പ്പാക്കുകയും ആറ് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റുകയും ചെയ്തു. പുതുതായി എട്ട് പരാതികളാണ് കമ്മിഷന് ലഭിച്ചത്.
വിദേശത്ത് തൊഴില്‍ വാഗ്‌ദാനം ചെയ്‌ത് യുവാവിനെ തട്ടിപ്പിനിരയാക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ചിന്താ ജെറോം നിര്‍ദേശം നല്‍കി. കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് എസി.പി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് പഴുതടച്ച് അന്വേഷണം നടത്തി യുവാവിന് നീതി ലഭ്യമാക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
ടിക്കറ്റിന്‍റെ ബാക്കി തുക ചോദിച്ച യുവതിയോട് കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്‌ടര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ കമ്മീഷന്‍റെ നിര്‍ദേശം അനുസരിച്ച് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടുത്ത സിറ്റിംഗില്‍ കണ്ടക്‌ടറെ നേരിട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.