പത്തനംതിട്ട :തിരുവല്ല നിരണത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ബാങ്ക് വായ്പയെടുത്ത് പത്ത് ഏക്കര്‍ കൃഷി ഭൂമി പാട്ടത്തിനെടുത്താണ്, രാജീവ് കൃഷി ചെയ്തത്. അതില്‍ എട്ടേക്കറിലെ നെല്‍കൃഷിയാണ് വേനല്‍മഴയില്‍ നശിച്ചുപോയത്.
സര്‍ക്കാര്‍ സഹായത്തിന് ശ്രമിച്ചെങ്കിലും നാമമാത്രമായ തുകയാണ് നഷ്ടപരിഹാരം കിട്ടിയതെന്നും അദ്ദേഹം ആരോപിച്ചു. വേനല്‍മഴ കാരണം ഹെക്ടര്‍ കണക്കിന് കൃഷിനശിച്ചു. സംസ്ഥാന വ്യാപകമായി എത്ര ഹെക്ടര്‍ ഭൂമിയിലെ കൃഷിനാശം ഉണ്ടായെന്ന കൃത്യമായ കണക്ക് ശേഖരിക്കാന്‍ ഇതുവരെ കൃഷിവകുപ്പിന് കഴിഞ്ഞിട്ടില്ല.
ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോട്ടയം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ഉള്‍പ്പടെയുള്ള ജില്ലകളിലും മലയോര മേഖലകളിലും വ്യാപക കൃഷിനാശം ഉണ്ടായെന്നാണ് പ്രാഥമിക വിവരം. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. കുട്ടനാട് മാത്രം 1300 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു. കെയ്ത്തിന് പാകമായ മിക്ക പാടങ്ങളും വെള്ളത്തിനടിയിലാണ്. ആറുമാസത്തെ കര്‍ഷകന്റെ അധ്വാനമാണ് വിളവെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ വെള്ളത്തിനടിയില്‍ കിടന്ന് നശിക്കുന്നത്.