പത്തനംതിട്ട:എസ്‌എസ്‌എല്‍സി പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തി വാട്സ് ആപ്പ് ഗ്രൂപ്പിലിട്ട പത്തനംതിട്ട മുട്ടത്തുകോണം എസ്‌എന്‍ഡിപി ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ എസ്.സന്തോഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ ആരംഭിച്ച കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 10.30ന് അദ്ദേഹം വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയായിരുന്നു. ഗ്രൂപ്പ് അംഗങ്ങളില്‍ തന്നെ ചിലര്‍ തെളിവ് സഹിതം മേലധികാരികള്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് അച്ചടക്കനടപടി. പത്താം ക്ലാസ് പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സംഭവമാണുണ്ടായത്.
വാട്സ്ആപ്പിലൂടെ ചോദ്യപേപ്പർ ചോർത്തി;പ്രധാനാധ്യാപകന് സസ്‌പെൻഷൻ - സസ്‌പെൻഷൻ
എസ്‌എസ്‌എല്‍സി പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തി വാട്സ് ആപ്പ് ഗ്രൂപ്പിലിട്ട പത്തനംതിട്ട മുട്ടത്തുകോണം എസ്‌എന്‍ഡിപി ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ എസ്.സന്തോഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
ഡിഡിഇ സ്കൂളില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചു. പ്രധാന അധ്യാപകന്റെ ഫോണ്‍ ഇന്റലിജന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളില്‍ ഇയാൾ ചോദ്യ പേപ്പര്‍ പത്തനംതിട്ട ഡിഇഒയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയായിരുന്നു. സ്വന്തം സ്കൂളിലെ അധ്യാപകരുടെ ഗ്രൂപ്പിലേക്ക് അയച്ച ചോദ്യപേപ്പർ അബദ്ധത്തില്‍ ഡിഇഒയുടെ ഗ്രൂപ്പിലെത്തുകയായിരുന്നുവെന്നാണ് വിവരം. ഇങ്ങനെയാണ് സംഭവം പുറത്തായത്.
ചോദ്യങ്ങൾക്കുള്ള ഉത്തരം വാങ്ങി കുട്ടികൾക്ക് നൽകുന്നതിനായാണ് ഇയാൾ നിയമവിരുദ്ധ പ്രവർത്തനം നടത്തിയതെന്നാണ് സൂചന. നൂറിലധികം പ്രധാനാധ്യാപകരുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ഇയാൾ ചോദ്യപേപ്പർ ചോർത്തി അയച്ചത്. ഇത്തരം അട്ടിമറി ഇയാൾ നേരത്തെയും നടത്തിയിട്ടുണ്ടാകുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതുന്ന കുട്ടികൾ ഇത്തരം അധ്യാപകർ കാരണം വഞ്ചിക്കപെടുകയാണെന്ന് രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു.