പത്തനംതിട്ട: ആറുപതിറ്റാണ്ടിലേറെയായി മലയാളികൾ നെഞ്ചിലേറ്റുന്ന സ്വരമാധുരിക്കുടമയായ യേശുദാസ് 84ന്‍റെ നിറവിലാണ്(K J Yesudas birthday). ജന്മനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം നാളിൽ അദ്ദേഹത്തിനായി അയ്യപ്പസന്നിധിയിൽ നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടന്നു (Offerings at Sabarimala for K J Yesudas). ഗണപതിഹോമം, നെയ്യഭിഷേകം, സഹസ്ര നാമാർച്ചന, ശനിദോഷനിവാരണത്തിനായി നീരാഞ്ജനം എന്നീ വഴിപാടുകളാണ് നടത്തിയത്.
'ഡോ.കെ.ജെ യേശുദാസ്, ഉത്രാടം നക്ഷത്രം' എന്ന പേരിലാണ് അയ്യപ്പന് വഴിപാടുകൾ സമർപ്പിച്ചത്. പുല൪ച്ചെ 3.15 ന് ഗണപതിഹോമവും രാവിലെ ഏഴിന് മു൯പായി നെയ്യഭിഷേകവും നടത്തി. 7.30 ന് ഉഷപൂജയ്‌ക്കൊപ്പം സഹസ്രനാമാ൪ച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തി.
ശതാഭിഷിക്തനായ ഗാനഗന്ധർവന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ (Travancore Devaswom Board) നേതൃത്വത്തിലാണ് ജന്മനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ കലിയുഗ വരദനായ അയ്യപ്പ സ്വാമിക്ക് പ്രത്യേക വഴിപാടുകൾ നടത്തിയത്. എൺപത്തി നാല് വർഷങ്ങളുടെ സ്വരസുകൃതം, ഡോ.കെ.ജെ യേശുദാസിന് ശതാഭിഷേക മംഗളങ്ങൾ നേ൪ന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക വഴിപാടുകൾ പൂ൪ത്തിയാക്കി. ശബരിമല അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ഒ ജി ബിജുവിന്‍റെ ചുമതലയിലാണ് വഴിപാടുകൾ നടന്നത്.