പത്തനംതിട്ട: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന സർക്കാർ നിർദേശം ദേവസ്വം ബോർഡ് കർശനമായി നടപ്പാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു.
പുതിയ ക്രമീകരണത്തിന് നിർദേശം:പതിനെട്ടാം പടി കടന്നെത്തുന്ന കുഞ്ഞയ്യപ്പൻമാർക്കും മാളികപ്പുറങ്ങൾക്കും മികച്ച രീതിയില്‍ ദർശനം ലഭിക്കുന്നതിനായി ശ്രീകോവിലിനടുത്ത് പ്രത്യേക ഗേറ്റ് സ്ഥാപിച്ച്, കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയും കടത്തിവിടും. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാൻ ദേവസ്വം ഗാർഡുമാരും പൊലീസും ഡ്യൂട്ടിക്ക് ഉണ്ടാകും.
ആകെ 9 വരികളാണ് നടപ്പന്തലിൽ ഉള്ളത്. ഇതിൽ ഒന്ന്, രണ്ട്, നാല്, അഞ്ച്, ഏഴ്, എട്ട് വരികൾ ഭക്തജനങ്ങൾക്കും, മൂന്നും ആറും വരികൾ കുടിവെള്ള വിതരണത്തിനും ഒൻപതാമത്തെ വരി കുട്ടികൾക്കും, സ്ത്രീകൾക്കും, ഭിന്നശേഷിക്കാർക്കുമാണ്. ഒൻപതാമത്തെ വരിയിലൂടെ എത്തുന്ന കുട്ടികളെ പൊലീസിന്‍റെ സഹായത്തോടെ സുഗമമായി പതിനെട്ടാം പടി കയറ്റിയശേഷം ശ്രീകോവിലിനടുത്ത് സ്ഥാപിക്കുന്ന പ്രത്യേക ഗേറ്റ് വഴി ദർശന സൗകര്യം ഒരുക്കും.
മുൻ വർഷങ്ങളേക്കാൾ ശബരിമലയിലെത്തുന്ന കുട്ടികളുടെ എണ്ണം വർധിച്ചതും ദേവസ്വം ബോർഡിന്‍റെ ഈ നടപടിക്ക് കാരണമായിട്ടുണ്ടെന്ന് പ്രസിഡന്‍റ് പറഞ്ഞു. ശബരിമലയിലേക്ക് എത്തുന്ന കുട്ടികളുടെ കയ്യിൽ പമ്പയിൽ വച്ച് തന്നെ പേരും, രക്ഷാകർത്താവിന്‍റെ മൊബൈൽ നമ്പറും എഴുതിയ ബാൻഡ് ധരിപ്പിക്കുന്നുണ്ട്. വനിത പൊലീസിന്‍റെ നേതൃത്വത്തിലാണ് ഈ കരുതൽ പ്രവൃത്തി നടക്കുന്നത്. കുട്ടികൾ കൂട്ടം തെറ്റാതിരിക്കാൻ ഇക്കാര്യത്തിൽ ഭക്തജനങ്ങൾ പരമാവധി സഹകരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഭ്യർത്ഥിച്ചു.