എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി ദേശീയ പതാക ഉയർത്തിയ സന്തോഷത്തിൽ സോനു പത്തനംതിട്ട : മാനംമുട്ടെ മഞ്ഞു പുതച്ചു നിൽക്കുന്ന എവറസ്റ്റ് കൊടുമുടി, സാഹസികർക്ക് എവറസ്റ്റ് എന്നുമൊരു സ്വപ്‌ന യാത്രയാണ്... എവറസ്റ്റ് ആദ്യമായി കീഴടക്കിയ നേപ്പാളുകാരൻ ടെൻസിങ് നോർഗെയുടെയും ന്യൂസിലാൻഡുകാരൻ എഡ്‌മൺഡ് ഹിലാരിയുടേയും ഓർമക്കായി എല്ലാ വർഷവും മെയ് 29 അന്തർദേശീയ എവറസ്റ്റ് ദിനമായി ആചരിച്ചു വരുന്നു.
ഇന്ന് അന്തർദേശീയ എവറസ്റ്റ് ദിനം ആഘോഷിക്കുമ്പോൾ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തി ദേശീയ പതാക ഉയർത്തിയ മലയാളിയെ കുറിച്ചാണ് ഇനി പറയുന്നത്. നാട്ടിലെ കുഞ്ഞുമലകൾ ചവിട്ടികയറിയ അടൂർ സ്വദേശി സോനു സോമൻ പിന്നീട് അഗസ്ത്യാർകൂട മലനിരയും ബ്രഹ്മഗിരിയുമൊക്കെ നടന്നു കയറി.
ആഗ്രഹങ്ങൾ ആകാശത്തോളം വളർന്നപ്പോൾ സോനു എവറസ്റ്റ് എന്ന സ്വപ്‌നം കണ്ടു. അങ്ങനെ മെയ് 5ന് 21 അംഗ സംഘത്തിനൊപ്പം സോനു എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് യാത്ര തുടങ്ങി. സംഘത്തിലെ ഏക മലയാളി ആയിരുന്നു ഇരുപത്തിയേഴുകാരിയായ സോനു. അതിശൈത്യവും പ്രതിസന്ധികളും മറികടന്നുള്ള യാത്ര...
ഒൻപതാം ദിവസം 17,700 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പിലെത്തി. ലീവ് കിട്ടാതിരുന്നതിനാൽ ജോലി ഉപേക്ഷിച്ചുള്ള യാത്ര, സാഹസികതയുടെ ആഴം കൂട്ടി. ഇനി എവറസ്റ്റ് കീഴടക്കണം... 1953 മെയ് 29ന് എഡ്‌മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും ആദ്യമായി കീഴടക്കിയ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലേക്കുള്ള യാത്ര... സോനുവിന്‍റെ അടുത്ത ദൗത്യം അതാണ്...
ബെംഗളൂരുവിലെ ബിഗ്ബാസ്‌ക്കറ്റ് എന്ന ഓൺലൈൻ കമ്പനിയിൽ ആയിരുന്നു സോനുവിന് ജോലി. നേപ്പാളിലെ ഹിമാലയൻ വണ്ടേഴ്‌സ് എന്ന മലകയറ്റ ഗ്രൂപ്പിൽ നിന്നും എവറസ്റ്റ് കയറാനുള്ള അവസരത്തെ കുറിച്ച് സോനു അറിഞ്ഞു. സ്വപ്‌നം സാക്ഷത്കരിക്കാനുള്ള അവസരം മുന്നിൽ വന്നപ്പോൾ സോനു കമ്പനിയിൽ അവധിയ്ക്ക് അപേക്ഷിച്ചു. എന്നാൽ, കമ്പനിയിൽ നിന്നും അവധി ലഭിക്കാതെ വന്നതോടെ ജോലി രാജി വച്ച സോനു തന്നെ മാടിവിളിക്കുന്ന എവറസ്റ്റിലേക്ക് യാത്ര തിരിച്ചു.
21 അംഗ സംഘത്തിൽ 8 സ്ത്രീകളും ഉണ്ടായിരുന്നു. അതിശൈത്യവും പ്രതിസന്ധികളും മറികടന്നുള്ള യാത്രയായിരുന്നു അത്. 140 കിലോമീറ്റർ താണ്ടി മെയ് 13നാണ് സോനു ബേസ് ക്യാമ്പിൽ എത്തിയത്. ഇഷ്‌ട ദേവനായ ഉണ്ണിക്കണ്ണന്‍റെ ബാഡ്‌ജും ധരിച്ച് ഫോട്ടോയുമായാണ് സോനു എവറസ്റ്റ് കയറിയത്. മലകയയറ്റത്തിന്‍റെ കാഠിന്യം ഓക്‌സിജൻ ലഭ്യത കുറവ് തുടങ്ങി പ്രതിസന്ധികളിൽപ്പെട്ട് സംഘത്തിലെ പലരും ഇടയ്ക്കുവച്ച് തളർന്നു പോയി.
ബേസ് ക്യാമ്പിലെത്തിയ സംഘത്തിൽ പലരും തിരികെയുള്ള യാത്രയിൽ ഹെലികോപ്റ്ററിൽ എത്തിയപ്പോൾ സോനുവും മറ്റു ചിലരും നാല് ദിവസം എടുത്ത് നടന്നുതന്നെ മല ഇറങ്ങുകയായിരുന്നു. ജോലി കളഞ്ഞും എവറസ്റ്റ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനിറങ്ങിയ മകൾക്ക് മലപോലെ ഉറച്ച പിന്തുണയുമായി മാതാപിതാക്കളായ സോമനും രേഖയുമുണ്ട്. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറിന്‍റെ അയൽവാസി കൂടിയായ സോനുവിന് യാത്രയുടെ തുടക്കം മുതൽ എല്ലാ പിന്തുണയും സഹായവും നൽകി അദ്ദേഹവും ഒപ്പമുണ്ട്. സോനുവിന്‍റെ തുടർന്നുള്ള യാത്രക്ക് എല്ലാ സഹായവും ആന്‍റോ ആന്‍റണി എംപിയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.