പത്തനംതിട്ട:കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം രണ്ടാഴ്ച പിന്നിടുമ്പോഴും സ്നേഹയും സോനയും ഓഫ് ലൈനിൽ. വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യമോ ഇതുവരെ ലഭ്യമാകാത്തതാണ് സ്നേഹയുടെയും സോനയുടെയും ഓൺലൈൻ പഠനം പരിധിക്ക് പുറത്താകാൻ കാരണം. അടൂർ ഏറത്ത് പഞ്ചായത്തിലെ വയല ഏഴാം വാർഡിലെ പാലവിള വടക്കേക്കര വീട്ടിൽ ടാപ്പിങ് തൊഴിലാളിയായ സാബു ജോണിന്‍റെയും ഉഷയുടെയും മക്കളായ സ്നേഹയും സോനയുമാണ് പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നത്.
ഓൺലൈൻ പഠനം ലഭ്യമാകാതെ സ്നേഹയും സോനയും - Sneha and Sona
വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യമോ ഇതുവരെ ലഭ്യമാകാത്തതാണ് സ്നേഹയുടെയും സോനയുടെയും ഓൺലൈൻ പഠനം പരിധിക്ക് പുറത്താകാൻ ഇടയാക്കിയിരിക്കുന്നത്.
സ്നേഹ കൊട്ടാരക്കര ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയും സോന കിഴക്ക്പുറം ഗവൺമെന്‍റ് എച്ച് എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമാണ്. ഓൺലൈൻ പഠനം മുടങ്ങിയതിന്‍റെ വിഷമത്തിലാണിവർ. രണ്ട് വർഷം മുൻപ് കേന്ദ്ര സർക്കാരിന്‍റെ ദീനദയാൽ ഉജ്വൽ യോജന പദ്ധതി പ്രകാരം 17 ഇലക്ട്രിക്ക് പോസ്റ്റുകൾ സ്ഥാപിച്ച് വീടിന് മുൻപിൽ വരെ വൈദ്യുതി എത്തിച്ചെങ്കിലും വീട്ടിൽ വൈദ്യുതി കണക്ഷൻ ഇതുവരെ ലഭിച്ചില്ല. ഓൺലൈൻ സംവിധാനം വഴി പഠിക്കുന്ന കൂട്ടുകാരിൽ നിന്നും നോട്ട്സ് വാങ്ങിയാണ് ഇവർ പഠിക്കുന്നത്. സർക്കാരിന്‍റെ വിക്ടേഴ്സ് ചാനൽ എന്നത് ഇവർക്ക് ഇപ്പോഴും കേട്ടുകേൾവി മാത്രം.
വൈദ്യുതി ലഭിച്ചാലും സാമ്പത്തിക പരാധീനതയിൽ ബുദ്ധിമുട്ടുന്ന ഇവർക്ക് ടി വി വാങ്ങി പഠനം തുടരാനും അധികൃതരുടെ കൈത്താങ്ങ് ആവശ്യമാണ്. പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയുള്ള ചുടുകട്ട കൊണ്ട് നിർമിച്ച അടച്ചുറപ്പില്ലാത്ത ഒറ്റ മുറി വീട്ടിലാണ് കുടുംബത്തിന്‍റെ താമസം. ഇരുവർക്കും പഠിക്കാൻ പഴകി തുരുമ്പിച്ച ഒരു മേശ മാത്രമാണുള്ളത്. ചെറിയ മഴ പെയ്താൽ പോലും വീടിനുള്ളിൽ വെള്ളം കെട്ടി നില്‍ക്കും. സമീപത്തെങ്ങും വീടുകളില്ലാത്തതിനാൽ ഇ- ഗ്രാന്‍റ് പ്രകാരം ലഭിച്ച മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് രണ്ട് കിലോമീറ്റർ അകലെയുള്ള ജംഗ്ഷനിലെ കടയിലെത്തണം.