പമ്പ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു; താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നു - pampa dam news
ജില്ലയില്‍ 1015 കുടുംബങ്ങളിലെ 3342 പേരെ 103 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
പത്തനംതിട്ട: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പ ഡാമിൻ്റെ ആറു ഷട്ടറുകൾ തുറന്നു. ഷട്ടറുകള്‍ തുറന്ന പശ്ചാത്തലത്തില്‍ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചു. 99 കുടുംബങ്ങളിലെ 288 പേരെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എന്‍ഡിആര്‍എഫിന്‍റെ 22 അംഗ ടീം റാന്നിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കോന്നിയില്‍ നിന്ന് എട്ട് കുട്ടവഞ്ചിയും തുഴച്ചിലുകാരും എത്തിയിട്ടുണ്ട്.
കോഴഞ്ചേരിയിൽ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. കൊല്ലത്തു നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ അഞ്ചു വള്ളങ്ങള്‍ പമ്പാനദിയുടെ തീരത്ത് വിന്യസിച്ചിട്ടുണ്ട്. കോഴഞ്ചേരി, ആറന്മുള, മല്ലപ്പുഴശേരി തുടങ്ങിയ സ്ഥലങ്ങളില്‍ വള്ളം ഇറക്കി രക്ഷാപ്രവര്‍ത്തനം നടത്താനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി. ജില്ലയിലെ ആറ് താലൂക്കുകളില്‍ ഇതുവരെ 103 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1015 കുടുംബങ്ങളില്‍ നിന്ന് 3342 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.