പത്തനംതിട്ട : പ്ലസ് വണ്ണിന് പഠിക്കുന്ന ശിവരാജന് പ്രായം 72. ശിവരാജനപ്പൂപ്പന് പ്ലസ് വൺ പഠനത്തിലെന്താ കാര്യം എന്നു ചോദിച്ചാൽ, കാര്യമുണ്ട്. സാക്ഷരത മിഷന്‍റെ തുല്യത പഠന കോഴ്സിൽ പഠിതാവാണ് ആറാം ക്ലാസ്സിൽ പഠനം നിർത്തേണ്ടിവന്ന അടൂർ ആനന്ദപ്പള്ളി സ്വദേശി ശിവരാജൻ. സാക്ഷരത മിഷന്‍റെ തുല്യത കോഴ്സുകളിലൂടെ ഏഴാം തരവും സെക്കൻഡ് ക്ലാസ്സോടെ പത്താം തരവും പാസായാണ് പെയിന്‍റിങ് തൊഴിലാളിയായ ശിവരാജൻ ഹയർ സെക്കന്‍ററി തലത്തിലെത്തി നിൽക്കുന്നത്.
ജില്ലയിലെ സീനിയർ സ്റ്റുഡന്‍റ്
ഈ വിഭാഗത്തിൽ പത്തനംതിട്ട ജില്ലയിലെ സീനിയർ സ്റ്റുഡന്‍റും ശിവരാജൻ തന്നെ. 26 മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയുടെ ചൂടിലാണ് ശിവരാജൻ. എഴുത്തും വായനയുമെല്ലാം ടൈം ടേബിൾ പ്രകാരം നടക്കുന്നു. സംശയങ്ങൾ പറഞ്ഞു കൊടുക്കാനും ഓൺലൈൻ ക്ലാസ്സിനു സഹായിക്കാനുമെല്ലാം മക്കളും മരുമക്കളും ബന്ധുക്കളുമെല്ലാം മാറി മാറി ഒപ്പമുണ്ട്. പൂന്താനത്തിന്‍റെ ജ്ഞാനപ്പാന ചൊല്ലി ബഷീറിന്‍റെ ബാല്യകാല സഖി ആസ്വദിച്ചു വായിച്ച് ഇംഗ്ലീഷിലേക്ക് കടക്കും.
ഹെലൻ കെല്ലറിന്‍റെ 'ദ സ്റ്റോറി ഓഫ് മൈ ലൈഫ്' വായിക്കുന്നത് കേൾക്കുമ്പോൾ ആരും പറഞ്ഞു പോകും ശിവരാജൻ പെർഫെക്ട് ഓക്കേയെന്ന്. ഹെലൻ കെല്ലറിന്‍റെ ജീവിത കഥ വായിക്കുമ്പോൾ ജന്മനാ മൂകയും ബധിരയുമായ മകൾ രാജിയാണ് ശിവരാജന്‍റെ മനസ്സിൽ. സ്പെഷ്യൽ സ്കൂളിൽ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട് രാജിയും.