പത്തനംതിട്ട :കേരളത്തില്‍ എല്ലായിടത്തും സംസാരിക്കണമെന്നും പരിപാടികള്‍ സംഘടിപ്പിക്കണമെന്നും തന്നോട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് ശശി തരൂർ എംപി. മൂന്ന് തവണ ഇക്കാര്യം അദ്ദേഹം തന്നോട് ആവശ്യപ്പെട്ടു. ഇതെല്ലാം ചെയ്യാന്‍ തുടങ്ങുമ്പോള്‍ വിവാദങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും എല്ലാ പരിപാടികളും അതത് ഡിസിസി അധ്യക്ഷന്‍മാരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അടൂരിൽ പറഞ്ഞു.
ശശി തരൂര്‍ എംപി മാധ്യമങ്ങളോട് പരിപാടികളെക്കുറിച്ച് അറിയിച്ച തീയതിയും സമയവുമടക്കം വിവരങ്ങള്‍ തന്‍റെ പക്കല്‍ ഉണ്ട്. പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ മറുപടി നല്‍കും. 14 വര്‍ഷമായി ചെയ്‌തിരുന്ന കാര്യങ്ങള്‍ക്ക് ഇതുവരെ പരാതി ഉണ്ടായിട്ടില്ല. താന്‍ ഒരു ഗ്രൂപ്പിലും അംഗമല്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയില്‍ ലീഗിന് എതിര്‍പ്പുണ്ടല്ലോ എന്ന ചോദ്യത്തിന് അതില്‍ താനും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. താന്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗീയതയും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടൂരിലും പന്തളത്തും പരിപാടികള്‍ : ശശി തരൂർ എംപി ഇന്നലെ പന്തളത്തും അടൂരിലും വിവിധ പരിപാടികളിൽ പങ്കെടുത്തു. പന്തളം വലിയ കോയിക്കൽ ക്ഷേത്ര ദര്‍ശനത്തോടുകൂടിയാണ് തരൂരിന്‍റെ പത്തനംതിട്ടയിലെ പര്യടനം ആരംഭിച്ചത്. തുടർന്ന് അടൂർ ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ നടന്ന ബോധിഗ്രാം സെമിനാറിൽ പങ്കെടുത്തു.
കെപിസിസി പബ്ലിക് പോളിസി കമ്മിറ്റി ചെയർമാൻ ജെ എസ് അടൂർ നേതൃത്വം നൽകുന്ന സ്വതന്ത്ര പ്രസ്ഥാനമാണ് ബോധിഗ്രാം. ഇതിന്‍റെ സ്ഥാപകദിന പ്രഭാഷണത്തിനായാണ് തരൂർ എത്തിയത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കാത്തതിൽ ജില്ല കോൺഗ്രസ് നേതൃത്വം അതൃപ്‌തിയിലായിരുന്നു.
Also read:'ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല, തന്‍റേതായ കാര്യങ്ങളാണ് ചെയ്യുന്നത്': ശശി തരൂര്‍
പരിപാടിയിലേക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും ഡിസിസി പ്രസിഡന്‍റ് അടക്കമുള്ള നേതാക്കൾ പങ്കെടുത്തില്ല. ആന്‍റോ ആന്‍റണി എംപി, മുന്‍ ഡിസിസി പ്രസിഡന്‍റ് പി മോഹന്‍ രാജ്, കെ എസ് ശബരീനാഥൻ, ദളിത് കോണ്‍ഗ്രസ് നേതാവ് കെ കെ ഷാജു ഉൾപ്പടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.