പത്തനംതിട്ട : യുക്രൈനിൽ കുടുങ്ങിയ പത്തനംതിട്ട നിവാസികളുള്‍പ്പടെയുള്ള എല്ലാ മലയാളികളുടേയും സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരികയാണെന്ന് ജില്ല കലക്‌ടർ ദിവ്യ എസ് അയ്യര്‍. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ സെല്‍ നോര്‍ക്കയില്‍ ആരംഭിച്ചിട്ടുണ്ട്. നോര്‍ക്കയുടെ ഇ മെയില്‍ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താമെന്നും കലക്‌ടർ അറിയിച്ചു.
സ്ഥിതിഗതികള്‍ അറിയാന്‍ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണമെന്ന നിര്‍ദ്ദേശമാണ് എംബസി നല്‍കിയിരിക്കുന്നത്. ഇന്ത്യക്കാരെ യുക്രൈനിന്‍റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലോവാക്യ, റൊമേനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. ഇതിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.
ഇപ്പോള്‍ യുക്രൈനിലുള്ളവര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പറുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്‍റെ 1800 - 118797 എന്ന ടോള്‍ ഫ്രീ നമ്പറും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളും situationroom@mea.gov.in എന്ന ഇ-മെയില്‍ വിലാസവും പ്രയോജനപ്പെടുത്താം.