പത്തനംതിട്ട:ചെന്നൈയിൽ നിന്നുള്ള ഡോ.ജി എസ് അയ്യപ്പൻ സന്നിധാനത്ത് വേദിയിലവതരിപ്പിച്ച ഭക്തിഗാന പരിപാടി തെൻഡ്രൽ വെള്ളിസൈ ഏറെ ശ്രദ്ധ നേടിയത് ശബ്ദ വൈവിധ്യം കൊണ്ട്. പ്രശസ്‌തരായ ഗായികമാരുടെ ശബ്‌ദത്തിൽ ജനപ്രിയ ഗാനങ്ങൾ ഒഴുകിയെത്തിയത് ആസ്വാദകർക്ക് അനുഭവമായി. പുരുഷ-സ്ത്രീ ഗായകരുടെ ശബ്‌ദം ഒരേ പാട്ടിൽ തന്നെ മാറിമാറി കടന്നുവന്നത് കൈയടികളോടെയാണ് ഏവരും ശ്രവിച്ചത്.
സുശീലാമ്മയുടെയും ജാനകിയമ്മയുടെയും മധുരശബ്ദത്തിൽ സന്നിധാനത്ത് 'അയ്യപ്പന്‍റെ' പാട്ട് ഗായകരായ എസ്.ജാനകി, പി.സുശീല, വാണി ജയറാം, കെ.എസ്.ചിത്ര തുടങ്ങി എട്ടോളം ഗായകരുടെ ശബ്ദങ്ങളിൽ അദ്ദേഹം മാറി മാറി പാടി. ചെന്നൈ അടയാർ സ്വദേശിയായ ഡോ. ജി എസ് അയ്യപ്പൻ കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൽ (സി.എസ്.ഐ.ആർ, ചെന്നൈ) പ്രിൻസിപ്പൽ സൈന്‍റിസ്റ്റാണ്.
ശാസ്ത്ര ഗവേഷണത്തിന്‍റെയും പേറ്റന്‍റുകളുടെയും ലോകത്ത് പലപ്പോഴും സംഗീതം ആശ്വാസമായി തീരാറുണ്ടെന്ന് അയ്യപ്പൻ പറഞ്ഞു. ശബരിമല അയ്യപ്പന്‍റെ തികഞ്ഞ ഭക്തനായ ഇദ്ദേഹം മുപ്പത്തിയെട്ടാം തവണയാണ് ശബരിമല ശാസ്താവിനെ കാണുന്നതിന് മല ചവിട്ടുന്നത്. തുടർച്ചയായി അഞ്ചാം തവണയാണ് അയ്യപ്പൻ ശബരിമല സന്നിധിയിൽ സംഗീതാർച്ചന നടത്തുന്നത്.
ശാസ്ത്ര ഗവേഷണത്തിന് നിരവധി പേറ്റന്‍റുകൾ സ്വന്തമായുള്ളയാളാണ് ഈ ശാസ്ത്രജ്ഞൻ. സി.വി.രാമൻ ഫെല്ലോഷിപ്പ്, ഡോ.അബ്ദുല്‍ കലാം അവാർഡ് എന്നിവ നേടിയിട്ടുള്ള ഇദ്ദേഹം പണം വാങ്ങാതെ ധാരാളം സംഗീത പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. ശബരിമലയിൽ പ്ലാസ്റ്റിക്കുകൾ കൊണ്ടുവരരുത് എന്ന സന്ദേശവും പാട്ടുകൾക്കിടയിൽ അയ്യപ്പൻ നൽകി വരുന്നുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിങ് കഴിഞ്ഞ് ഇലക്ട്രോണിക്‌സ് ആൻഡ് കൺട്രോളിൽ എഞ്ചിനിയറിങ് ബിരുദനാന്തര ബിരുദവും നേടിയ ശേഷമാണ് ജി.എസ്.അയ്യപ്പൻ സി.എസ്.ഐ.ആറിൽ ചേരുന്നത്.
READ MORE:ഒലിവ് റിഡ്‌ലി മുട്ടകള്‍ വിരിഞ്ഞു ; കൊളാവിത്തൊട്ടിലില്‍ കുഞ്ഞുങ്ങള്‍, വൈകാതെ കടല്‍തൊടും