പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂൾ വാന്‍ ഡ്രൈവർ പൊലീസ് പിടിയില്‍. കുളനട കൈപ്പുഴ അവിട്ടം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹനൻ പിള്ള (53)യെ ആണ് ഇലവുംതിട്ട പൊലീസ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്‌തത്. 40 ശതമാനം ഭിന്നശേഷിക്കാരിയായ യുവതി തൊഴിൽ പരിശീലനം നടത്തുന്ന സ്‌കൂളിലെ ഡ്രൈവറും യുവതിയെ സ്ഥിരമായി സ്‌കൂൾ വാനിൽ കൊണ്ടു പോകുന്ന ആളുമാണ് പ്രതി.
ക്ലാസില്ലെന്നറിയാതെ സ്‌കൂൾ വാൻ കാത്തു നിന്ന യുവതിയെ വീട്ടിലാക്കാമെന്നു പറഞ്ഞ് വിളിച്ചുകയറ്റി, തുടർന്ന് വീട്ടിലെത്തിച്ച് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം ലൈംഗികമായി അതിക്രമം നടത്തുകയായിരുന്നു. കഴിഞ്ഞമാസം 21 ന് രാവിലെ 10.30 നാണ് സംഭവം. യുവതിയുടെ അമ്മ ഇന്നലെ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.