പത്തനംതിട്ട: പമ്പാനദിയിൽ നിന്നും ഇതുവരെ എണ്ണായിരത്തിലധികം മീറ്റർ ക്യൂബ് മണലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. 2018ലെ പ്രളയത്തിനു ശേഷം പമ്പ ത്രിവേണി മുതൽ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞുകൂടിയ മണ്ണ് വെള്ളപ്പൊക്ക സാധ്യത കൂട്ടുമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയിരുന്നു. 32 ടിപ്പറുകൾ, 17 ഹിറ്റാച്ചി, ജെസിബി ഉൾപ്പടെ 50 വാഹനങ്ങളാണ് മണൽ നീക്കത്തിനായി പ്രവർത്തിക്കുന്നത്.
പമ്പാനദിയിൽ മണലെടുപ്പ് പുരോഗമിക്കുന്നു - ത്രിവേണി
2018ലെ പ്രളയത്തിനു ശേഷം പമ്പ ത്രിവേണി മുതൽ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞുകൂടിയ മണ്ണ് വെള്ളപ്പൊക്ക സാധ്യത കൂട്ടുമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയിരുന്നു.

രണ്ടായിരത്തിലധികം ടിപ്പർ ലോഡ് മണലുകൾ നിലവിൽ നീക്കം ചെയ്തു. എസ്.ഡി.ആർ.എഫ് ഫണ്ടുപയോഗിച്ചാണ് മണൽ മാറ്റുന്നത്. മണൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വനംവകുപ്പിന്‍റെ സ്ഥലത്തു തന്നെയാണ് ഇടുന്നത്. പമ്പ, അച്ചൻകോവിൽ, മണിമല നദികളിലെ 44 കടവുകളിൽ നിന്ന് ഒഴുക്ക് തടസപ്പെടുത്തുന്ന എക്കൽ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളും നീക്കം ചെയ്തു തുടങ്ങി. പ്രളയ അവശിഷ്ടങ്ങൾ നീക്കുന്നതിന് സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്‍റ് ഫണ്ടിൽ നിന്ന് 2, 25, 47,000 രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
ഏകദേശം 104427.55 ഘനമീറ്റർ പ്രളയ അവശിഷ്ടങ്ങളാണ് ഇത്തരത്തിൽ നീക്കം ചെയ്യുന്നത്. ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ സമർപ്പിച്ച എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. റാന്നി താലൂക്കിൽ 26, കോഴഞ്ചേരി താലൂക്കിൽ 6, അടൂർ താലൂക്ക് 2, കോന്നി താലൂക്ക് 2, തിരുവല്ല താലൂക്ക് 6, മല്ലപ്പള്ളി താലൂക്ക് 2 എന്നീ കടവുകളിൽ നിന്നാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്.